അമീബിക്  മസ്തിഷ്‌ക  ജ്വരം; തലസ്ഥാനത്ത് സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്, പ്രത്യേക വാർഡ് തുറക്കാൻ ആലോചന, 39 പേർ നിരീക്ഷണത്തിൽ

Wednesday 07 August 2024 7:51 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതൽ പേരിലേയ്ക്ക് ബാധിക്കുന്നതായി സൂചന. തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് അഞ്ചുപേരാണ് ചികിത്സയിൽ കഴിയുന്നത്. ലക്ഷണങ്ങളുമായെത്തിയ രണ്ടുപേരെ കൂടി നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്‌ക്കയച്ചതിന്റെ ഫലം ഇന്നുവരും. നെയ്യാറ്റിൻകര നെല്ലിമൂട്ടിൽ 39 പേർ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.

നെല്ലിമൂട് സ്വദേശികളായ അഖിൽ (23), സജീവ് (24) എന്നിവരെയാണ് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചികിത്സയിലുള്ള യുവാക്കൾക്കൊപ്പം മരുതംകോട് കുളത്തിൽ കുളിച്ചവരാണ് ഇവരും. ആശുപത്രിയിലുള്ളവരുടെ എണ്ണം ഏഴായതോടെ പ്രത്യേക ഐ.സി.യു സജ്ജമാക്കി. രോഗികളുടെ എണ്ണം കൂടിയാൽ പ്രത്യേക വാർഡും തുറക്കും.

അതേസമയം, ചികിത്സയിലുള്ള പേരൂർക്കട സ്വദേശി നിജിത്തിന്റെ (39) നില ഗുരുതരമായി തുടരുകയാണ്. ജൂലായ് 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച അതിയന്നൂർ മരുതംകോട് കണ്ണറവിളയിൽ അഖിലിനൊപ്പം മരുതംകോട് കാവിൽകുളത്തിൽ കുളിച്ചവരാണ് നിജിത്ത് ഒഴികെ ചികിത്സയിലുള്ള മറ്റുള്ളവർ. നിജിത്തിനെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചതിനാൽ വിവരങ്ങൾ ചോദിച്ചറിയാനായിട്ടില്ല.

കടുത്ത പനിയും തലവേദനയുമായി ചികിത്സ തേടിയ അതിയന്നൂർ മരുതംകോട് കണ്ണറവിള അനുലാൽ ഭവനിൽ അഖിൽ (27) കഴി‌ഞ്ഞമാസം 23നാണ് മരിച്ചത്. പിന്നാലെയാണ് ഒപ്പം കുളിച്ചവരും ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതേസമയം കുളത്തിലെ വെള്ളം പരിശോധിച്ചതിൽ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും രോഗബാധിതരെല്ലാം പൊതുവായി മുങ്ങിക്കുളിച്ച സ്ഥലമായതിനാൽ വൈറസിന്റെ ഉറവിടം കാവിൻകുളമാണെന്ന് ഉറപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. വെള്ളത്തിന്റെ അടിത്തട്ടിലെ കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തും.

Advertisement
Advertisement