ഈ മേഖലകളിൽ പ്രവാസികളെ ജോലിക്ക് വേണ്ട, എല്ലാവരെയും പിരിച്ചുവിടും,​ മുൻഗണന സ്വദേശികൾക്ക് ; കടുത്ത തീരുമാനവുമായി ഗൾഫ് രാജ്യം

Wednesday 07 August 2024 11:49 AM IST

കുവൈറ്റ് സിറ്റി: പ്രവാസികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈറ്റ്. രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ തീരുമാനം. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാൻ നിർദേശം നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈറ്റ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് ബാധിക്കും. പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾ ചെയ്യാൻ കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുള്ളതെന്നും അതിനാലാണ് പ്രവാസികളെ പിരിച്ചുവിടുന്നതെന്നുമാണ് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈറ്റ് നടപടികൾ ആരംഭിച്ചിരുന്നു. 2024ൽ കുവൈറ്റ് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈറ്റ് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നൽകിയിരുന്നത്.

ഏകദേശം 4,83,200 പേരാണ് കുവൈറ്റ് പൊതുമേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 23 ശതമാനവും പ്രവാസികളാണ്. മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള്ള രാജ്യത്ത് 3.3 മില്യൺ ജനങ്ങളും വിദേശികളാണ്. അതിനാൽ, നിയമവിരുദ്ധമായി രാജ്യത്തെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി കുവൈറ്റ് നിയമങ്ങൾ കർശനമാക്കിയിരുന്നു.