അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ബാങ്കിൽ ജോലി; ജൂനിയർ ക്ലാർക്ക് തസ്തികയിൽ നിയമിക്കും

Wednesday 07 August 2024 3:45 PM IST

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മലയിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്‌ക്ക് ബാങ്കിൽ ജോലി നൽകും. വേങ്ങേരി സഹകരണ ബാങ്കിലായിരിക്കും അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയയ്‌‌ക്ക് ജോലി നൽകുക. ജൂനിയർ ക്ളാർക്ക് തസ്‌തികയിലാകും നിയമനം. ബാങ്ക് അധികൃതർ നേരിട്ടെത്തി അർജുന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.

നേരത്തെ കൃഷ്‌ണപ്രിയയ്‌ക്ക് ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സ‌ർവീസ് സഹകരണ ബാങ്കും അറിയിച്ചിരുന്നു. അർജുന്റെ വിദ്യാസമ്പന്നയായ ഭാര്യയ്‌ക്ക് ഉചിതമായ ജോലിനൽകാൻ സാധിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുകയായിരുന്നു. ജൂനിയർ ക്ളാർക്ക് തസ്‌തികയിൽ കുറയാത്ത തസ്‌തികയിൽ നിയമിക്കുന്നതിന് അനുവാദം ലഭിക്കുന്ന പക്ഷം ബാങ്ക് തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

അർജുന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചപ്പോൾ കുടുംബം നിവേദനം നൽകിയിരുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് തിരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പൊന്നും നൽകിയില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. കളക്‌‌ടർ സ്‌നേഹിൽ കുമാർ ആണ് നേരിട്ടെത്തി കുടുംബത്തെ ഈ മറുപടി രേഖാമൂലം നൽകിയത്.

അർജുന് വേണ്ടിയുള്ള തെരച്ചിൽ ഗംഗാവലി പുഴയിൽ നടന്നത് നിർത്തിവച്ചിട്ട് ദിവസങ്ങളായി. മോശം കാലാവസ്ഥയായതിനാലായിരുന്നു ഇത്. എന്നാൽ ദൗത്യം തുടരാനാണ് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചത്. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. ഇതോടെ അന്വേഷണം പുനരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും എന്നാണ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല.

കഴി‍ഞ്ഞ ദിവസം ഷിരൂരിൽ നിന്നും ഏറെദൂരെ കടലിൽ ഒരു മ‌ൃതദേഹം കിട്ടിയെങ്കിലും മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യ തൊഴിലാളിയുടെയാണ് ശരീരമെന്ന് പിന്നീട് വിവരം ലഭിച്ചു.

Advertisement
Advertisement