അടുത്തമാസം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, പിന്നിൽ ലാനിനാ

Wednesday 07 August 2024 3:48 PM IST

തിരുവനന്തപുരം: അടുത്ത മാസം സംസ്ഥാനത്ത് ശക്തമായ മഴയ‌്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ വരെ മഴ തുടരും. ലാനിനാ പ്രതിഭാസമാണ് മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ നിത കെ ഗോപാൽ പ്രതികരിച്ചു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന. ഡിസംബർ വരെ ലാനിന തുടർന്നേക്കും. ഇതുകാണ്ടുതന്നെ ഇന്ത്യയിൽ മൺസൂൺ ശക്തമാകും.

കേരളമുൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലാണ് ശക്തമായ മഴ ലഭിക്കുക. എന്നാൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും നിത കെ ഗോപാൽ പറഞ്ഞു. മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കൊണ്ട് നേരിടാൻ സാധിക്കുമെന്നും അവർ പ്രതികരിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ജനങ്ങൾ കൃത്യമായി അനുസരിക്കുകയാണ് വേണ്ടതെന്ന് ഡയറക്‌ടർ വ്യക്തമാക്കി.

മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിതീവ്രമഴയ്ക്കും സെപ്തംബറിൽ സാദ്ധ്യതയുണ്ട്.സംസ്ഥാനത്ത് ഇതിന്റെ സാദ്ധ്യത നിലനിൽക്കുന്നു. ചെറിയ സമയത്തിൽ വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയം ഉണ്ടായേക്കാം. ഇപ്പോഴത്തെ ശക്തമായ മഴയിലും ഇതു സംഭവിക്കാം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായേക്കാം. സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങുന്നതോടെ, ഭൂഗർഭ ജലത്തിന്റെ അളവ് കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദ്ദം വർദ്ധിച്ചാണ് ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നുത്. 22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഇതിന്റെ സാദ്ധ്യത കൂടുതൽ. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

Advertisement
Advertisement