അംബാനി നികുതി അടച്ചത് 1.86 ലക്ഷം കോടി രൂപ, അപ്പോള്‍ ലാഭം എത്രയായിരിക്കും?

Wednesday 07 August 2024 9:27 PM IST

മുംബയ്: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി സര്‍ക്കാരിലേക്ക് അടച്ചത് 1.86 ലക്ഷം കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 1,86,440 കോടി രൂപയാണ് ആദായ നികുതി വകുപ്പിലേക്ക് കമ്പനി അടച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നികുതിയായും തീരുവയായിട്ടുമാണ് ഇത്രയും തുക അടച്ചിരിക്കുന്നത്.

തുടര്‍ച്ചയായി ആറാമത്തെ സാമ്പത്തിക വര്‍ഷത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ലക്ഷം കോടിയിലധികം തുക നികുതിയായി സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കില്‍ അംബാനിയുടെ കമ്പനി അടച്ച നികുതിയുടെ ആകെ തുക പത്ത് ലക്ഷം കോടി രൂപയില്‍ അധികമാണെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രഖ്യാപിച്ചത് 1.52 ലക്ഷം കോടിയാണ്.

ബഡ്ജറ്റിലെ ഈ തുകയേക്കാള്‍ കൂടുതലാണ് അംബാനിയുടെ കമ്പനി അടച്ചിരിക്കുന്ന നികുതി. ഇന്ത്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ 20 ലക്ഷം കോടി വിപണി മൂല്യമുള്ള ആദ്യത്തെ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2024 മാര്‍ച്ച് 31ലെ കണക്കു പ്രകാരം വിപണി മൂല്യം 20.01 ലക്ഷം കോടി രൂപയാണ്. സഞ്ചിത വരുമാനം 10 ലക്ഷം കോടി കവിഞ്ഞ ആദ്യ ഇന്ത്യന്‍ കമ്പനിയും റിലയന്‍സ് തന്നെ. 2023-24 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം സര്‍വകാല റെക്കോര്‍ഡായ 79,020 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മുടക്കുമുതല്‍ കുറച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ശതമാനമാണ് മൂലധനച്ചെലവ് ഇനത്തില്‍ കുറച്ചത്. 1.42 ലക്ഷം കോടി രൂപയില്‍ നിന്ന് 1.32 ലക്ഷം കോടിയായി. ഡിജിറ്റല്‍ സേവന മേഖലയില്‍ നെറ്റ്വര്‍ക്ക് വിപുലപ്പെടുത്താന്‍ കമ്പനി വലിയ തുക ചെലവിട്ടു. ആകെ 3,47,362 പേരാണ് റിലയന്‍സിലെ ജീവനക്കാര്‍. ഇതില്‍ പകുതിയില്‍ അധികവും 30വയസിന് താഴെയുള്ളവരാണ്. മൊത്തം ജീവനക്കാരില്‍ 21 ശതമാനവും സ്ത്രീകളാണ്.

Advertisement
Advertisement