ഖജനാവിലേക്ക് 1.86 ലക്ഷം കോടി രൂപ നൽകി റിലയൻസ് ഇൻഡസ്ട്രീസ്

Thursday 08 August 2024 12:57 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സർക്കാർ ഖജനാവിലേക്ക് 1.86 ലക്ഷം കോടി രൂപ വിവിധ നികുതികളായി നൽകി രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ് ചരിത്രം സൃഷ്‌ടിച്ചു. കമ്പനിയുടെ ഇത്തവണത്തെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തുടർച്ചയായി ആറാം വർഷമാണ് ദേശീയ ഖജനാവിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് ഒരു ലക്ഷം കോടി രൂപയിലധികം വരുമാനം നൽകുന്നത്.

രാഷ്ട്ര നിർമ്മാണത്തിനായി ഇത്രയും വലിയ സംഭാവന നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. ദേശീയ ഖജനാവിലേക്കുള്ള റിലയൻസിന്റെ വിഹിതം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,77,173 കോടി രൂപയായിരുന്നു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ റിലയൻസ് ഇൻഡസ്ട്രീസ് സർക്കാരിലേക്ക് വിവിധ നികുതിയിനങ്ങളിലായി 10 ലക്ഷം കോടി രൂപയിലധികമാണ് സർക്കാരിന് നൽകിയത്. 2018 സാമ്പത്തിക വർഷത്തിൽ 86,942 കോടി രൂപയാണ് റിലയൻസ് നൽകിയത്.

Advertisement
Advertisement