അപ്പീൽ നൽകി : ഉഷ

Thursday 08 August 2024 1:40 AM IST

പാരീസ് : ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗാട്ടിന് വേണ്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകിയില്ലെന്നത് അവാസ്തവമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു. അയോഗ്യയാക്കിയപ്പോൾ തന്നെ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ വഴി അന്താരാഷ്ട്ര റെസ്‌ലിംഗ് ഫെഡറേഷന് അപ്പീൽ നൽകി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിനേഷിന് എല്ലാ പിന്തുണയും നൽകിയെന്നും ഉഷ പറഞ്ഞു.

പി.ടി ഉഷ പറയുന്നത്...

ഭാരം കൂടിയതിന്റെ പേരിൽ വിനേഷിനെ ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഇക്കാര്യം അറിഞ്ഞയുടനെ വിനേഷിനെ ഒളിമ്പിക് വില്ലേജിലുള്ള ആശുപ്രതിയിൽ പോയി കണ്ട് ആശ്വസിപ്പിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ശാരീരിക പ്രശ്നങ്ങൾ തരണം ചെയ്യാനുള്ള വൈദ്യ സഹായം ഉറപ്പാക്കി.

അയോഗ്യയാക്കിയപ്പോൾ തന്നെ റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ വഴി അന്താരാഷ്ട്ര റെസ്‌ലിംഗ് ഫെഡറേഷന് അപ്പീൽ നൽകി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇതിനായി നിർദ്ദേശം നൽകിയിരുന്നു. വിനേഷിന് വേണ്ടി ഇന്ത്യൻ മെഡിക്കൽ സംഘവും ചെഫ് ഡി മിഷൻ ഗഗൻ നാരംഗും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുകളും എല്ലാ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഓരോ ഇന്ത്യൻ താരത്തിന്റെയും ആത്മവിശ്വാസം ഉയർത്തുന്നതിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഓരോ നിമഷവും പ്രവർത്തിക്കും. വിനേഷിനും മറ്റ് ഇന്ത്യൻ താരങ്ങൾക്കുമൊപ്പം ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ചീഫ് മെഡിക്കൽ ഓഫീസർ

ദിൻഷ പർദിവാല പറയുന്നത്

ഗുസ്തി താരങ്ങൾ സാധാരണ തങ്ങളുടെ സാധാരണ ഭാരത്തിനേക്കാൾ കുറഞ്ഞ വെയ്റ്റ് കാറ്റഗറിയാണ് മത്സരത്തിന് തിരഞ്ഞെടുക്കുന്നത്. എതിരാളികൾക്ക് മേൽ ആധിപത്യം നേടാനാണത്. മത്സരദിവസത്തിന് മുമ്പ് വർക്ക് ഔട്ട് ചെയ്ത് ഭാരം കുറച്ചാണ് ഭാരപരിശോധനയ്ക്ക് പോകുന്നത്. ആദ്യ ദിനവും ഇങ്ങനെ ചെയ്താണ് വിനേഷ് 50 കിലോയിൽ എത്തിയത്.

ആദ്യ ദിവസം മൂന്ന് മത്സരങ്ങളാണ് വിനേഷിന് ഉണ്ടായിരുന്നത്. ഇതിനിടയിൽ ശാരീരികക്ഷമത നിലനിറുത്താൻ വെള്ളവും ആഹാരവും നൽകിയിരുന്നു. ഇത് ശരീരഭാരം രണ്ട് കിലോയോളം വർദ്ധിപ്പിച്ചു. രാത്രി വർക്ക് ഔട്ട് ചെയ്ത് ഇത് കുറയ്ക്കാമെന്നായിരുന്നു കോച്ചിന്റെയും ഡയറ്റീഷ്യന്റെയും തീരുമാനം. അതനുസരിച്ച് രാത്രി മുഴുവൻ ഉറക്കമിളച്ച് വിനീഷ് വർക്ക് ഔട്ട് ചെയ്തു. സൈക്ളിംഗും സോനാബാത്തുമൊക്കെ ചെയ്തിട്ടും അവസാന തൂക്കമെടുപ്പിൽ 100 ഗ്രാം കൂടുതലായിരുന്നു. ഇത് പരിഹരിക്കുന്നതിനായി മുടി മുറിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ചെയ്തുനോക്കിയിട്ടും ഫലമുണ്ടായില്ല. രാത്രി ഒരുതുള്ളി വെള്ളം പോലും

കുടിക്കാതെ വ്യായാമം ചെയ്തതിനാൽ തൂക്കമെടുത്ത് കഴിഞ്ഞപ്പോൾ വിനേഷിന് നിർജലീകരണം സംഭവിച്ചു. ഉടൻ ഒളിമ്പിക് വില്ലേജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രിപ്പ് നൽകി ക്ഷീണമകറ്റി. ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
Advertisement