വ്യാവസായിക വികസനം-ചെന്നൈയിൽ ഇന്ന് നിക്ഷേപകരുമായി കൂടിക്കാഴ്ച

Thursday 08 August 2024 3:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ വ്യവസായ പ്രമുഖരും നിക്ഷേപകരുമായി മന്ത്രി പി.രാജീവ് ചെന്നൈയിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ഇൻഡസ്ട്രിയുമായി (സി.ഐ.ഐ)സഹകരിച്ച് വൈകിട്ട് ആറിന് ചെന്നൈ വിമാനത്താവളത്തിന് സമീപമുള്ള റാഡിസൺ ബ്ലൂ ഹോട്ടലിലാണ് കൂടിക്കാഴ്ച. സംസ്ഥാന വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

സംസ്ഥാനത്തെ നിക്ഷേപ സാദ്ധ്യതകളെയും, സർക്കാരിന്റെ വ്യാവസായിക വാണിജ്യ നയങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യും. എയ്റോ സ്പേസ്,

പ്രതിരോധം, നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ജീവശാസ്ത്രം, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ്, ഗവേഷണവികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്‌കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം .

നീതി ആയോഗിന്റെ എസ് .ഡി.ജി ഇൻഡക്സിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത് അടുത്തിടെയാണ്. സർക്കാർ പിന്തുണ ശക്തിപ്പെടുത്തിയതിലൂടെ എയ്റോ സ്‌പേസ്, പ്രതിരോധം, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ മികച്ച നേട്ടം കൈവരിച്ചു. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് 2024 പ്രകാരം കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചാ നിരക്ക് 254 ശതമാനമാണ്.സംസ്ഥാനത്തെ കാര്യക്ഷമമായ ഓൺലൈൻ ക്ലിയറൻസ് സംവിധാനങ്ങളും സാങ്കേതികവിദ്യയും ഭരണപ്രക്രിയകളിലെ കാര്യക്ഷമതയും പ്രയോജനപ്പെടുത്തി ബിസിനസ് വിപുലീകരിക്കാനും നിക്ഷേപം ആകർഷിക്കാനും സാധിക്കും.