നഷ്ട നായിക

Thursday 08 August 2024 1:42 AM IST

ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോൾ അത്യുന്നതിയിൽ നിന്ന് പാതാളത്തിലേക്കു വീണ പോലെ, സ്വപ്നങ്ങളെല്ലാം തകർന്നുടഞ്ഞ് വിനേഷ് ഫോഗാട്ട്.... അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ നേരുദാഹരണമായ വിനേഷിന് ഒരിക്കൽക്കൂടി ഒളിമ്പിക്സ് ഓർക്കാനാഗ്രഹിക്കാത്ത പേക്കിനാവായി മാറിയിരിക്കുന്നു. വിജയത്തിന്റെ ഗിരിശൃംഗങ്ങളിൽ നിന്ന് ഒരുരാത്രികൊണ്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയാതെ ആരാധകർ. ഇത് സ്വാഭാവികമായി സംഭവിച്ചതാണോ അതോ ഇതിനുപിന്നിൽ എന്തെങ്കിലും ചതിയുണ്ടോ എന്ന സന്ദേഹങ്ങൾ. പാരീസിൽ ഇന്ത്യൻ കായികവേദിക്ക് സംഭവിച്ച ഏറ്റവും വലിയ വേദനയാണ് വിനേഷിന്റേത്.

വിനേഷിന് സംഭവിച്ചത്

കരിയറിന്റെ തുടക്കത്തിൽ 48 കിലോ വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചിരുന്നത്. 2014ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയതും ഈ കാറ്റഗറിയിലാണ്. പിന്നീട് 50 കിലോ വിഭാഗത്തിലേക്ക് മാറി. 2016 റിയോ ഒളിമ്പിക്സിൽ മത്സരിച്ചതും 2018 കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയതും 50 കിലോ വിഭാഗത്തിലാണ്. 2019ൽ 53 കിലോയിലേക്ക് മാറി. തുടർന്ന് ടോക്യോ ഒളിമ്പിക്സിൽ ഉൾപ്പടെ ഈ വെയ്റ്റ് കാറ്റഗറിയിലാണ് മത്സരിച്ചത്. ടോക്യോ ഒളിമ്പിക്സിന് ശേഷമാണ് റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുമായി പ്രശ്നങ്ങൾ ഉണ്ടായതും തെരുവുസമരത്തിലേക്ക് ഇറങ്ങുന്നതും.

ഇതോടെ വിനേഷിന്റെ വെയ്റ്റ് കാറ്റഗറിയായ 53 കിലോയിലേക്ക് അന്തിം പംഗൽ എന്ന ജൂനിയർ താരമെത്തി. വിനേഷിനെ

പരിക്കുകൾ കൂടി വേട്ടയാടിയതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ 53 കിലോയിൽ മത്സരിച്ച അന്തിം പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യതയും നേടി. കഴിഞ്ഞ വർഷം ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയ വിനേഷിന് ഒളിമ്പിക്സിൽ മത്സരിക്കണമെങ്കിൽ രണ്ട് മാർഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ 57 കിലോയിൽ മത്സരിക്കുക അല്ലെങ്കിൽ ഭാരം കുറച്ച് 50 കിലോയിൽ മത്സരിക്കുക. 57കിലോയിൽ ഒളിമ്പിക് യോഗ്യത പ്രയാസമായതിനാൽ കഠിനമായ ഭാരം കുറയ്ക്കൽതന്നെ വെല്ലുവിളിയായി ഏറ്റെടുത്ത വിനേഷ് ഒളിമ്പിക് യോഗ്യത നേടിയെ‌ടുക്കുകയും ചെയ്തു.

Advertisement
Advertisement