നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; പെരിന്തൽമണ്ണ  തിരഞ്ഞെടുപ്പ്  കേസ് ഹൈക്കോടതി തള്ളി

Thursday 08 August 2024 10:53 AM IST

കൊച്ചി: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ് തള്ളി ഹൈക്കോടതി. നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാമെന്ന് കോടതി വ്യക്തമാക്കി. എൽഡിഎഫ് സ്ഥനാർത്ഥി കെ പി മുഹമ്മദ് മുസ്‌തഫയുടെ ഹർജിയാണ് തള്ളിയത്.

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ പി മുഹമ്മദ് മുസ്‌തഫ ഹൈക്കോടതിയിൽ ഹ‌ർജി നൽകിയത്. തപാൽ വോട്ടുകളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു ഹ‌ർജി. തപാൽ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടെന്നും മുസ്‌തഫ പരാതി ഉന്നയിച്ചിരുന്നു.

340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു മുസ്‌തഫയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ല എന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം വിജയിച്ചത്. അപാകതകൾ ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടികൾക്കിടെ തിരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോവുകയും ചെയ്തു. ഇത് പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്‌ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധന നടത്തിയിരുന്നു.

ഇതിനിടെ തപാൽ വോട്ടുകളിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥി കെ പിഎം മുസ്‌തഫ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് കാട്ടി നജീബ് കാന്തപുരം സുപ്രീം കോടതിയിൽ ഹ‌ർജി സമ‌ർപ്പിക്കുകയും ചെയ്തു. ഇതിൽ സുപ്രീംകോടതി ഇടപെട്ടില്ല. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു നിരീക്ഷണം.