ട്രെയിനിൽ നിന്ന് വീണ് 16കാരി മരിച്ചു; അപകടം മാതാപിതാക്കൾക്കൊപ്പം സ്‌കൂൾ അഡ്‌മിഷന് പോകുന്നതിനിടെ
Thursday 08 August 2024 12:19 PM IST
തിരുവനന്തപുരം: വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. വർക്കല ഇടവയിൽ വച്ചാണ് അപകടമുണ്ടായത്. കൊല്ലം സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.10ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ വേണാട് എക്‌സ്‌പ്രസ് ഇടവ ഡീസന്റ് മുക്ക് ഭാഗത്ത് എത്തിയപ്പോൾ ഗൗരി ട്രെയിനിൽ നിന്ന് നിലതെറ്റി വീഴുകയായിരുന്നു.
ഗൗരിയുടെ അച്ഛനും അമ്മയും ട്രെയിനിൽ ഒപ്പമുണ്ടായിരുന്നു. മകളുടെ പ്ലസ് വൺ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനായി പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു കുടുംബം. ഗുരുതരമായി പരിക്കേറ്റ ഗൗരിയെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.