അയ്യപ്പഭക്തർ ഇത്തവണയും വലയും: ബുദ്ധിമുട്ട് ഒരുതരത്തിൽ മാത്രമാകില്ല
എരുമേലി : ശബരിമലയിലെ പ്രധാന ഇടത്താവളം. മണ്ഡല മകരവിളക്ക് സീസണിൽ എത്തിച്ചേരുന്നത് ലക്ഷക്കണക്കിന് തീർത്ഥാടകർ. പക്ഷെ ഈ വിചാരം അധികൃതർക്കും തോന്നണ്ടേ. ഓരോ തീർത്ഥാടനകാലത്തും ഭക്തരെ കാത്തിരിക്കുന്നത് പരിമിതമായ സൗകര്യങ്ങളാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് പറച്ചിൽ.
ഇടത്താവള വികസന പദ്ധതിയിൽ 15 കോടി ചെലവഴിച്ച് ദേവസ്വം ബോർഡ് നിർമിക്കുന്ന അന്നദാന മണ്ഡപവും, ഓഫീസ് സമുച്ചയവും തുറന്നു കൊടുക്കാനുള്ള സാദ്ധ്യതയില്ല. 2022 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഒന്നാം നില മാത്രമാണ് ഭാഗികമായി പൂർത്തിയായത്. ഭക്തർ വിശ്രമിക്കുന്ന ഷെൽട്ടറുകൾ, വി.ഐ.പികൾ ഉൾപ്പെടെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങൾ എന്നിവ പൊളിച്ച് മാറ്റിയായിരുന്നു നിർമ്മാണം. കഴിഞ്ഞ വർഷങ്ങളിൽ തീർത്ഥാടകർ നേരിട്ട പ്രധാന പ്രതിസന്ധി വിശ്രമിക്കാൻ ഇടമില്ലാത്തതായിരുന്നു. താത്കാലിക വിരിപ്പന്തൽ സൗകര്യം ഒരുക്കിയത് ഏറെ അകലെയായതിനാൽ ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
ക്ഷേത്രത്തിന്റെ മുന്നിലുള്ള പാർക്കിംഗ് സ്ഥലം നിർമ്മാണ ആവശ്യത്തിനായി അടച്ചുകെട്ടിയിരിക്കുന്നത് വാഹനയാത്രക്കാർക്ക് ദുരിതമാകുകയാണ്. കൂടാതെ സമീപത്തെ സ്‌കൂൾ വളപ്പിൽ ലോഡുകണക്കിന് മണ്ണാണ് കൊണ്ടിട്ടിരിക്കുന്നത്. തീർത്ഥാടന സീസണിൽ താത്കാലിക ആശുപത്രികളും, ഫയർഫോഴ്‌സും പ്രവർത്തിക്കുന്ന സ്ഥലത്താണിത്.
കരാറുകാരുടെ തർക്കത്തിൽ കുടുങ്ങി
കരാറുകാർ തമ്മിലുള്ള തർക്കമാണ് ഒരുവർഷത്തോളം നിർമ്മാണ പ്രവർത്തനം നിലയ്ക്കാൻ ഇടയാക്കിയത്. ഇത് പരിഹരിച്ച് കഴിഞ്ഞയിടെ നിർമ്മാണ ജോലികൾ പുന:രാരംഭിച്ചത് പ്രതീക്ഷയേകിയിരുന്നു. അതേസമയം കെട്ടിടനിർമ്മാണം പൂർത്തിയായില്ലെങ്കിൽ ഇത്തവണയും താത്കാലിക ഷെഡുകളിൽ വിശ്രമസൗകര്യം ഒരുക്കുകയാണ് പോംവഴിയെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. നിർമ്മാണം നടത്താതെ എല്ലാം പൊളിച്ചിട്ടതിനാൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോൾ ക്ഷേത്രം. ജീവനക്കാർക്ക് പോലും വിശ്രമിക്കാൻ സ്ഥലമില്ല. ബദൽ മാർഗമായി താത്കാലിക സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് പറയാൻ തുടങ്ങിയിട്ട് നാളേറെയായി.
പുതിയ കെട്ടിടത്തിൽ
ഓഡിറ്റോറിയം
ഡോർമെറ്ററി
ശൗചാലയം
ഹാൾ, മെസ്
16 മുറികൾ
പാർക്കിംഗ് സൗകര്യം
പുതിയ കെട്ടിടത്തിന് അനുവദിച്ചത് : 15 കോടി
''അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മാസ പൂജയ്ക്ക് എത്തുന്ന തീർത്ഥാടകരെയും വലയ്ക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും മതിയായി സൗകര്യമില്ല. എത്രയും പെട്ടെന്ന് കെട്ടിട നിർമ്മാണം പൂർത്തിയാക്കി തുറന്നുകൊടുക്കണം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിക്കണം.
ഉണ്ണിക്കൃഷ്ണൻ, എരുമേലി