ശ്രീ നിറഞ്ഞൊരു ജയം, ഒളിമ്പിക്‌സ് ഹോക്കിയില്‍ സ്‌പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം

Thursday 08 August 2024 7:25 PM IST

വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം

പാരീസ്: 2024 ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷ ഹോക്കിയില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്‍മാരായ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി തന്റെ അവസാന മത്സരം കളിച്ച മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന്റെ മടക്കം വെങ്കല നേട്ടത്തോടെയായത് മലയാളികള്‍ക്കും അഭിമാന നിമിഷമായി മാറി. കഴിഞ്ഞ തവണ ടോക്കിയോ ഒളിമ്പിക്‌സിലും പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു.

ഇത് 13ാം തവണയാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡലണിയുന്നത്. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ വിരമിക്കല്‍ മത്സരം എന്നതുകൊണ്ടും ശ്രദ്ധേയമായിരുന്നു വെങ്കല മെഡലിനായുള്ള പോരാട്ടം. ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കിലും മെഡല്‍ നേട്ടത്തോടെ മികച്ച കരിയറിന് അവസാനം കുറിക്കാനായതിന്റെ സന്തോഷം വിജയാഹ്ലാദത്തില്‍ മലയാളി താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് അര്‍ഹിച്ച വിടവാങ്ങല്‍ നല്‍കാനായതില്‍ ടീം അംഗങ്ങളും ആഹ്ലാദത്തിലായിരുന്നു. താരത്തെ തോളിലേറ്റിയാണ് സഹകളിക്കാര്‍ ആദരിച്ചത്.

മത്സരത്തിലേക്ക് വന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ മാര്‍ക് മിറാലസിന്റെ ഗോളില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ നായകന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ ഗോളിലൂടെ 30ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ 33ാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിംഗ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തിയ നായകന്‍ മത്സരത്തില്‍ ആദ്യമായി ഇന്ത്യയെ മുന്നിലെത്തിക്കുകയും ചെയ്തു.

നേരത്തെ സെമിയില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനിയോട് 2-3 എന്ന സ്‌കോറിനാണ് ഇന്ത്യ സെമി ഫൈനലില്‍ തോറ്റത്. മുന്നിട്ട് നിന്ന ശേഷമാണ ഈ മത്സരത്തില്‍ ഇന്ത്യ തോറ്റത്. 44 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്‌സ് ഫൈനല്‍ എന്ന സ്വപ്‌നമാണ് സെമിയില്‍ ജര്‍മനി ചവിട്ടിയരച്ചത്. ഹോക്കി ടീമിന്റെ മെഡല്‍ നേട്ടത്തോടെ പാരീസില്‍ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം നാലായി. നാല് വെങ്കല മെഡലുകളാണ് ഇതുവരെ ഇന്ത്യക്ക് ലഭിച്ചത്.

Advertisement
Advertisement