എൽ.ഐ.സി അറ്റാദായത്തിൽ കുതിപ്പ്

Friday 09 August 2024 12:55 AM IST

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ(എൽ.ഐ.സി) അറ്റാദായം പത്ത് ശതമാനം ഉയർന്ന് 10,461 കോടി രൂപയിലെത്തി. മുൻവർഷം ഇക്കാലയളവിൽ കമ്പനിയുടെ അറ്റാദായം 9,544 കോടി രൂപയായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ എൽ.ഐ.സിയുടെ വരുമാനം 1,88,749 കോടി രൂപയിൽ നിന്ന് 2,10,910 കോടി രൂപയിലേക്ക് ഉയർന്നു. അവലോകന കാലയളവിൽ ആദ്യ വർഷ പ്രീമിയം 7,470 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ പ്രീമിയം 6,811 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനം 16 ശതമാനം ഉയർന്ന് 1.14 ലക്ഷം കോടി രൂപയിലെത്തി.

ഇൻഷ്വറൻസ് പ്രീമിയം പുതുക്കിയതിലൂടെ മൂന്ന് മാസത്തിൽ 56,429 കോടി രൂപയുടെ വരുമാനമാണ് നേടിയത്.

വിവിധ നിക്ഷേപങ്ങളിലെ എൽ.ഐ.സിയുടെ വരുമാനം ജൂൺ പാദത്തിൽ 96,183 കോടി രൂപയായി ഉയർന്നു. ഇതോടൊപ്പം കമ്പനിയുടെ നിഷ്‌ക്രിയ ആസ്തി 2.48 ശതമാനത്തിൽ നിന്ന് 1.95 ശതമാനമായി മെച്ചപ്പെട്ടു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 35,65,519 പുതിയ പോളിസികളാണ് വിറ്റഴിച്ചതെന്ന് എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

Advertisement
Advertisement