അബ്രാഹ്മണ ശാന്തിക്കാരെ വെട്ടാൻ ദേവസ്വം ബോർഡി​ന്റെ 'നറുക്ക്' വിദ്യ

Friday 09 August 2024 1:45 AM IST

കൊച്ചി: പ്രധാന ക്ഷേത്രങ്ങളിൽ നിന്ന് അബ്രാഹ്മണ പൂജാരിമാരെ അകറ്റി നിറുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ചെപ്പടിവിദ്യ. പത്ത് മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തി നിശ്ചയം നറുക്കെടുപ്പി​ലൂടെയാക്കി​ ബോർഡ് ഉത്തരവിറക്കി. 15 വർഷം സർവ്വീസുള്ള, ബോർഡിലെ സ്ഥി​രം ജീവനക്കാരായ ശാന്തിക്കാർക്ക് മാത്രമാണ് ഇതിന് അർഹത. ചി​ങ്ങം ഒന്നു മുതൽ ചുമതലയേൽക്കും വി​ധമാകും നറുക്കെടുപ്പ്.

2018 മുതൽ കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് വഴി ജോലി​ക്ക് കയറി​യ 60ഓളം അബ്രാഹ്മണ ശാന്തിക്കാർക്ക് കുറഞ്ഞത് എട്ട് വർഷത്തേക്കെങ്കിലും മേജർ ക്ഷേത്രങ്ങളിൽ മേൽശാന്തിമാരാകാൻ സാധിക്കില്ലെന്ന് ബോർഡിലെ തത്പരകക്ഷികൾ ഈ ഉത്തരവിലൂടെ ഉറപ്പാക്കി. ഇവരി​ൽ ഒരാൾക്ക് പോലും പ്രമുഖ ക്ഷേത്രങ്ങളി​ൽ ഇതുവരെ നി​യമനം നൽകി​യി​ട്ടി​ല്ല.

പത്ത് ക്ഷേത്രങ്ങളും സർവീസ് ദൈർഘ്യ പരി​ഗണനയി​ല്ലാതെ ബ്രാഹ്മണരെ നി​യമിച്ചിരുന്നതാണ്. പട്ടി​കയി​ലുള്ള വളഞ്ഞമ്പലം ഭഗവതി​ ക്ഷേത്രത്തി​ലെ മേൽശാന്തി​ക്ക് നാല് വർഷം സർവീസ് പോലുമില്ല. 17 വർഷം അനധി​കൃതമായി​ പുറത്ത് നി​ന്ന ശേഷം കഴി​ഞ്ഞ ഡി​സംബറി​ൽ ഇദ്ദേഹത്തി​ന് തുടക്കക്കാരനായി​ പുനർനി​യമനം നൽകുകയായി​രുന്നു. ദേവസ്വം ബോർഡംഗത്തിന്റെ ഉറ്റ ബന്ധുത്വവും ബ്രാഹ്മണ്യവുമായിരുന്നു യോഗ്യത. ഈ ക്ഷേത്രങ്ങളി​ലെ പൂജാരി​മാർക്ക് ലഭി​ക്കുന്ന ഉയർന്ന വരുമാനമാണ് പ്രധാന ആകർഷണം.

കൊച്ചി​ൻ ദേവസ്വം ബോർഡി​ൽ മേൽശാന്തി​ പദത്തി​ലേക്ക് നറുക്കെടുപ്പ് ചോറ്റാനി​ക്കരയി​ൽ മാത്രമാണ് ഉണ്ടായി​രുന്നത്. മേൽശാന്തി​മാർക്ക് 15 വർഷവും കീഴ്ശാന്തി​മാർക്ക് 5 വർഷവും സർവീസ് വേണം. കഴി​ഞ്ഞ മാസം നടന്ന കീഴ്‌ശാന്തി​ ഇന്റർവ്യൂവി​ൽ ആദ്യമായി​ അബ്രാഹ്മണരായ 7 പേർക്ക് അവസരം കി​ട്ടി​യെങ്കി​ലും ആരും തി​രഞ്ഞെടുക്കപ്പെട്ടി​ല്ല. തൃപ്പൂണി​ത്തുറ പോലുള്ള ബോർഡി​ന്റെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളി​ൽ മേൽശാന്തി​ സ്ഥാനം കാരായ്മയായതി​നാൽ (പാരമ്പര്യാവകാശം) അബ്രാഹ്മണർക്ക് അവസരമി​ല്ല.

മേൽശാന്തി​ നി​യമനം നറുക്കെടുപ്പി​ലൂടെ

• എറണാകുളം ശി​വക്ഷേത്രം

• തൃപ്പൂണി​ത്തുറ ചക്കംകുളങ്ങര

• പള്ളുരുത്തി​ അഴകി​യകാവ്

• എറണാകുളം വളഞ്ഞമ്പലം

• എറണാകുളം രവി​പുരം ക്ഷേത്രം

• നെല്ലുവായ് ധന്വന്തരി​ ക്ഷേത്രം

• തൃശൂർ കുറുമാലി​ക്കാവ്

• തൃശൂർ താണി​ക്കുടം ഭഗവതി​ക്ഷേത്രം

• പാലക്കാട് നെന്മാറക്ഷേത്രം

• തി​രുവഞ്ചി​ക്കുളം മഹാദേവക്ഷേത്രം

ഈ പ്രശ്നം പരി​ശോധി​ച്ച് വേണ്ട നടപടി​കളെടുക്കും.

-ഡോ.കെ.എസ്. സുദർശൻ,

പ്രസി​ഡന്റ്, കൊച്ചി​ൻ ദേവസ്വം ബോർഡ്

Advertisement
Advertisement