അഭിനയയുടെ സമ്പാദ്യക്കുടുക്ക വയനാട്ടിലെ കൂട്ടുകാർക്ക്
കൊട്ടിയം: കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിലെ ആറാം ക്ലാസുകാരി അഭിനയ എസ്.തൂലിക ഇന്നലെ സ്കൂളിലേക്ക് എത്തിയത് തന്റെ സമ്പാദ്യക്കുടുക്ക നെഞ്ചോടു ചേർത്തു പിടിച്ചായിരുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടുപോയ സഹപാഠികൾക്കു വേണ്ടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ കുടുക്കയിലെ തുക അവൾ സംഭാവന ചെയ്തു.
ഓണത്തിന് പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങാൻ അപ്പൂപ്പനും അമ്മൂമ്മയും മറ്റ് ബന്ധുക്കളുമൊക്കെ നൽകുന്ന തുകകളാണ് കുടുക്കയിൽ ഉണ്ടായിരുന്നത്. സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ വയനാടിന് കൈത്താങ്ങായി ശേഖരിച്ച വസ്തുക്കൾ ഏറ്റുവാങ്ങിയ ദിവസം, സമ്പാദ്യ കുടുക്കയുമായി സ്കൂളിലെത്തിയ അഭിനയയെ മുഴുവൻ കുട്ടികളും ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. അഭിനയയിൽ നിന്ന് സമ്പാദ്യക്കുടുക്ക എസ്.എം.സി ചെയർമാനും മുൻ പഞ്ചായത്ത് മെമ്പറുമായ ഉദയകുമാർ ഏറ്റുവാങ്ങി. മയ്യനാട് ആലുംമൂട് സ്വദേശികളായ ടി. സുരേഷ് ബാബുവിന്റെയും സന്ധ്യയുടെയും മകളാണ് അഭിനയ. പി.ടി.എ പ്രസിഡന്റ് അജയകുമാർ
പ്രഥമാദ്ധ്യാപകൻ ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, ജെ.ആർ.സി കൺവീനറർ ഡോ. എസ്. ദിനേശ്, സീനിയർ അദ്ധ്യാപകൻ മനോജ്, അദ്ധ്യാപകരായ ആർ. ബിന്ദു, എം. ജെസി, ശ്രീദേവി, മഞ്ജുഷ മാത്യു, അമൃതരാജ്, ജി. ഗ്രീഷ്മ, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, എസ്. അൻസ, എം.എസ്. തഹസീന, എ.എസ്. ബിജി, ടി.എസ്. ആമിന, ഇന്ദു തുടങ്ങിയവർ അഭിനയയെ അനുമോദിച്ചു.