താത്കാലിക പുനരധിവാസം 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കും

Friday 09 August 2024 12:47 AM IST

ആദ്യഘട്ടത്തിൽ 27 പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്സുകൾ

കൽപ്പറ്റ: ക്യാമ്പുകളിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പൊതുമരാമത്ത് വകുപ്പിന് കീഴിലെ 27 ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അടിയന്തര പുനരധിവാസത്തിന് എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. ആദ്യഘട്ടത്തിൽ പൊതുമരാമത്തിന്റെ 27 ക്വാർട്ടേഴ്സുകൾ നൽകും. മൂന്ന് കിടപ്പുമുറികൾ,വലിയ ഭക്ഷണ ഹാൾ,അടുക്കള,സ്റ്റോർ റൂം,വർക്ക് ഏരിയ എന്നിവ ഉൾപ്പെട്ടതാണ് ക്വാർട്ടേഴ്സുകൾ. ഒരു ക്വാർട്ടേഴ്സിൽ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള പതിനഞ്ചോളം പേർക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യമുണ്ടാകും.

പുനരധിവാസ പ്രവർത്തനങ്ങൾക്ക് ത്രിതല പഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ,ഫ്ളാറ്റുകൾ,ഹോസ്റ്റലുകൾ തുടങ്ങിയവയുടെ പട്ടിക നൽകാൻ തദ്ദേശസ്ഥാപന മേധാവികൾക്ക് നിർദ്ദേശം നൽകിയെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. പുനരധിവാസത്തിന് സൗകര്യമൊരുക്കുന്ന കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥർ നിർവഹിക്കുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പുനരധിവാസത്തിനായി വിട്ടുനൽകുന്ന കൽപ്പറ്റയിലെ പൊതുമരാമത്ത് ക്വാർട്ടേഴ്സുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ ഹരീഷ് കുമാർ,എക്സിക്യുട്ടീവ് എൻജിനിയർ മനീഷ,ഓവർസിയർ സുബിൻ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement