മനസ് എപ്പോഴും ഇവിടെയുണ്ട് വയനാടിൽനിന്ന് മടങ്ങിയ ലഫ്. കേണൽ ഋഷി രാജലക്ഷ്മി

Friday 09 August 2024 12:49 AM IST

മേപ്പാടി: വയനാട് ദുരന്തത്തിൽ രക്ഷാദൗത്യം കഴിഞ്ഞ് മടങ്ങുമ്പോഴും മലയാളി സൈനികനായ ലെഫ്. കേണൽ ഋഷി രാജലക്ഷ്മിക്ക് മാനസികമായി വയനാടിനെ വിട്ടുപോകാനാകുന്നില്ല. തന്റെ ശരീരം മാത്രമാണ് ഇവിടെ നിന്ന് മടങ്ങുന്നത്,​ മനസ് പൂർണമായും ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിലെ പുൽവാമയിൽ തീവ്രവാദികളെ കീഴടക്കാനുള്ള ദൗത്യത്തിനിടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റ സൈനികനാണ് ഇദ്ദേഹം. തുടർന്ന് മുഴുവൻ സമയവും മുഖാവരണം ധരിച്ചാണ് ഋഷി രാജ്യത്തെ സേവിക്കുന്നത്.

വയനാട്ടിൽ ദുരന്തം നടന്ന തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൈന്യം ഇവിടെയെത്തിയത്. അന്നുമുതൽ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. 'വയനാട്ടിലെ ദുരന്തമുഖത്ത് സേവനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാം നഷ്ടപ്പെട്ടവരാണ് ദുരന്ത മേഖലയിലെ ഭൂരിഭാഗം പേരും. അവർക്കുവേണ്ടി സമൂഹത്തിന് ഒന്നാകെ നിൽക്കാൻ കഴിയട്ടെ.

രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുന്ന തരത്തിലാണ് ദുരന്തം നടന്നത്. പ്രാദേശിക രക്ഷാപ്രവർത്തകരും നല്ല നിലയിൽ പ്രവർത്തിച്ചു. മലയാളി എന്ന നിലയിലും താൻ വേദനയോടെയാണ് വയനാടൻ മണ്ണിൽ നിന്ന് മടങ്ങുന്നത്.'- അദ്ദേഹം പറഞ്ഞു.

2017 മാർച്ച് നാലിന് നടന്ന തീവ്രവാദി ആക്രമണത്തിനിടെയാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. തെക്കൻ കാശ്മീരിലെ പുൽവാമയിൽ ഗ്രാമീണനായ ഒരാളുടെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഋഷി ഉൾപ്പെടെയുള്ള സൈനികർ അങ്ങോട്ട് പോകുന്നത്. ഏറ്റുമുട്ടലിനിടെ മുഖത്ത് സാരമായി പരിക്കേറ്റു. മുൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഏറ്റവും ഭയമില്ലാത്ത മനുഷ്യൻ' എന്നാണ്. പാങ്ങോട് മിലിട്ടറി ക്യാമ്പിന്റെ പ്രധാന ചുമതലക്കാരനായ അദ്ദേഹം ആലപ്പുഴ മുതുകുളം സ്വദേശിയാണ്.

Advertisement
Advertisement