പന്തുരുട്ടി സങ്കടം മറന്ന് യുവാക്കൾ

Friday 09 August 2024 12:52 AM IST

മേപ്പാടി: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് മാനസികോല്ലാസം പകർന്ന് യുവാക്കളുടെ ഫുട്‌ബാൾ. അതിജീവനത്തിന്റെ ആദ്യ സൂചനയാണ് മാനിവയലിലെ ഫുട്‌ബാൾ ടർഫിൽ കഴിഞ്ഞദിവസം കണ്ടത്. മുണ്ടക്കൈയിലെ ഇരുപതോളം യുവാക്കൾ ഒരു മണിക്കൂറോളം ഫുട്‌ബാൾ കളിച്ചു. ഇവർക്ക് പ്രോത്സാഹനവുമായി ദുരിതാശ്വാസ ക്യാമ്പിലെ മറ്റുള്ളവരുമെത്തി.

മുണ്ടക്കൈയിലെ യുവാക്കളുടെ പ്രധാന വിനോദം ഫുട്‌ബാളായിരുന്നു. പരിമിതമായ സൗകര്യങ്ങളിലാണ് വൈകുന്നേരങ്ങളിൽ ഇവർ പന്തു തട്ടിയിരുന്നത്. മൈതാനം ഉൾപ്പെടെ ദുരന്തം കവർന്നെങ്കിലും അതിജീവനത്തിന്റെ തുടക്കം ഫുട്‌ബാളിൽ നിന്നുതന്നെയാകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.
ഗോൾ നേടുമ്പോൾ ആശ്ലേഷിച്ചും ആരവമുയർത്തിയും അവർ ദുഃഖം മറന്നു. കഴിഞ്ഞ 10 ദിവസം കാണാത്ത ചിരിയുടെ വീണ്ടെടുപ്പായിരുന്നു.

ദുരന്തത്തിൽ നഷ്ടപ്പെട്ട പലതും തിരികെ കിട്ടില്ല. അതിജീവിക്കുകയാണ് ഏക പരിഹാരമാർഗം. അതിനുള്ള തുടക്കമാണ് ഇവിടെ കണ്ടതെന്ന് മുണ്ടക്കൈ സ്വദേശി ഷഫീഖ് പറഞ്ഞു. കുറച്ചുനേരം കളിച്ചപ്പോൾ വല്ലാത്ത ആശ്വാസമുണ്ട്. ഇനി എല്ലാദിവസവും ഇത്തരത്തിൽ ഫുട്‌ബാൾ കളിക്കാൻ തന്നെയാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.