വികസനം സ്വപ്നം കണ്ട പച്ച മനുഷ്യൻ
ന്യൂഡൽഹി: കൊൽക്കത്ത ബേലിഗഞ്ചിലെ രണ്ടുമുറി ഫ്ളാറ്റിൽ ലളിത ജീവിതം നയിക്കുമ്പോഴും ബംഗാളിന്റെ വികസനം സ്വപ്നം കണ്ട ദീർഘദർശിയായ നേതാവും, കലാകാരന്റെ നൈർമല്യമുള്ള പച്ച മനുഷ്യനുമായിരുന്നു ബുദ്ധദേവ് ഭട്ടചാര്യ. ഒരുപക്ഷേ നന്ദിഗ്രാമിലും സിംഗൂരിലുമടക്കം അദ്ദേഹം സ്വപ്‌നം കണ്ട വികസന പദ്ധതികൾ സാക്ഷാത്‌കരിപ്പെട്ടിരുന്നെങ്കിൽ കേരളത്തിലേക്ക് അടക്കം തൊഴിൽതേടി ബംഗാൾ ജനതയ്‌ക്ക് അലയേണ്ട ഗതിയുണ്ടാകുമായിരുന്നില്ല.
ടാറ്റ ആവിഷ്‌കരിച്ച ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ നാനോ കാർ പശ്ചിമ ബംഗാളിനെ വ്യവസായിക യുഗത്തിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ചാണ്
2006ൽ സിംഗൂരിൽ 997 ഏക്കറോളം കർഷക ഭൂമി ഏറ്റെടുത്തത്.
നന്ദിഗ്രാമിൽ ഇന്തോനേഷ്യയിൽ നിന്നുള്ള സലീം ഗ്രൂപ്പിന്റെ പ്രത്യേക വ്യവസായ സോൺ,വെസ്റ്റ് മിഡ്‌നാപൂരിലെ സാൽബോണിയിൽ ജിൻഡാൽ ഗ്രൂപ്പ് വക രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ പ്ലാന്റ് തുടങ്ങിയവയും വ്യവസായ കുതിപ്പിന് തുടക്കമിടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. നന്ദിഗ്രാമിലും സിംഗൂരിലും കർഷക ഭൂമി ഏറ്റെടുത്തത് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വൻ പ്രക്ഷോഭമാക്കി മാറ്റി. 2007 മാർച്ച് 14ന് പൊലീസ് വെടിവയ്‌പിൽ 14 കർഷകർ കൊല്ലപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. പശ്ചിമബംഗാളിലെ പുതിയ രാഷ്‌ട്രീയ താരോദയത്തിനും സി.പി.എമ്മിന്റെ പതനത്തിനും അതു വഴിതെളിച്ചു.
മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ബംഗ്ളാവ് വേണ്ടെന്നുവച്ച് ഭാര്യ മീരയ്‌ക്കും മകൾ സുചേതനയ്ക്കുമൊപ്പം ബേലിഗഞ്ചിലെ രണ്ടുമുറി ഫ്ളാറ്റിൽ താമസിച്ച് പശ്‌ചിമബംഗാളിനെ ഭരിച്ചു. 2011ലെ തിരിച്ചടിക്കുശേഷം വിശ്രമ ജീവിതം. ആരോഗ്യപരമായ കാരണങ്ങളാൽ പി.ബിയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും 2015വരെ പാർട്ടി നിലനിറുത്തി.