അടൂരിനെ കണ്ട് ബുദ്ധദേവ് കാർ നിറുത്തിയിറങ്ങി

Friday 09 August 2024 12:57 AM IST

തിരുവനന്തപുരം. 'ഹലോ അടൂർ..", മുന്നോട്ടു പോയ കാർ റിവേഴ്സെടുത്ത് നിറുത്തി. കാറിൽ നിന്നിറങ്ങിയ ആൾ വിളിച്ചപ്പോൾ വിഖ്യാത ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണൻ ആദ്യമൊന്നു സംശയിച്ചു. പെട്ടെന്നാണ് ശുഭ്ര വസ്ത്രധാരിയായ വ്യക്തിയെ തിരിച്ചറിഞ്ഞത്. അന്ന് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ആയിരുന്നു അത്.

വർഷങ്ങൾക്കു മുമ്പത്തെ സംഭവം അടൂർ കേരളകൗമുദിയോടു വിശദീകരിച്ചു. എ.കെ.ജി സെന്ററിലെ പാർട്ടി യോഗത്തിനു ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ബുദ്ധദേവ്. സെന്റ് ജോസഫ് സ്കൂളിനരികിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിനരികിലേക്ക് അടൂർ നടക്കുമ്പോഴായിരുന്നു ഇത്. കുശലാന്വേഷണം നടത്തി ബുദ്ധദേവ് മടങ്ങി. നേരത്തെ പരിചയമുണ്ടായിരുന്നു.

കൊൽക്കത്തയിൽ നന്ദൻ സാംസ്‌കാരിക സമുച്ചയത്തിലെ തിയേറ്ററിൽ തന്റെ മുഖാമുഖം എന്ന ചിത്രം കാണാൻ ബുദ്ധദേവ് വന്നിരുന്നു. സിനിമ കണ്ടശേഷം 'കേരളത്തിൽ ഈ സിനിമയ്ക്ക് എന്താണ് പ്രശ്നം" എന്നായിരുന്നു ബുദ്ധദേവ് ചോദിച്ചത്. തങ്ങൾ ഈ സിനിമയെ സ്വാഗതം ചെയ്യുകയാണെന്നും കേരളത്തിലെ സഖാക്കൾ ചിത്രത്തെ എതിർത്തതിന്റെ അർത്ഥം മനസിലാകുന്നില്ലെന്നും പറഞ്ഞു. കേരളത്തിൽ 'മുഖാമുഖം" കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.

'വളരെ സിമ്പിളായ മനുഷ്യനായിരുന്നു. കലയിലും സാഹിത്യത്തിലും വലിയ താത്പര്യമായിരുന്നു.ആ സമീപനം കലാകാരൻമാരോടും കാട്ടി. വഴിയോരത്ത് കൂടി നടന്നു പോകുന്ന തന്നെക്കണ്ട് വണ്ടി നിറുത്തി സംസാരിക്കാൻ തയ്യാറായതും അതുകൊണ്ട് തന്നെ" -അടൂ‌ർ പറഞ്ഞു.

Advertisement
Advertisement