നാടക കൃത്തായ കമ്മ്യൂണിസ്റ്റ്

Friday 09 August 2024 1:02 AM IST

ബാബ്‌റി മസ്‌ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തിൽ 'ദുസ്സമയ്' എന്ന ശക്തമായ നാടകം രചിച്ച സാഹിത്യകാരൻ കൂടിയാണ് അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ. ആ നാടകത്തിന്റെ രംഗാവതരണങ്ങൾ ഗൗരവപൂർവം നാടകകലയെ വിലയിരുത്തുന്നവരുടെ പ്രശംസ നേടിയെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിനാണ് ബുദ്ധ ദായുടെ ജീവിതത്തിൽ പ്രഥമസ്ഥാനം. രണ്ടാമത് കലയും സാഹിത്യവും. മൂന്നാമത്തേത് തികച്ചും അനാരോഗ്യകരമായ ദുശ്ശീലമെന്നേ പറയാനാവൂ. നിറുത്താത്ത പുകവലി. ബുദ്ധദായുടെ മാതൃകയും ഗുരുവുമായ കിടയറ്റ സംഘാടകൻ പ്രമോദ് ദാസ് ഗുപ്തയ്ക്കും പുകവലിയിൽ അസാമാന്യ തൃഷ്ണയായിരുന്നുവല്ലോ.

പൂജാരിമാരുടെ കുടുംബത്തിൽ പിറന്ന് ഭൗതികവാദിയായി വളർന്ന ബുദ്ധദാ, കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ബംഗാളി സാഹിത്യത്തിൽ (ഓണേഴ്സ് ) ബിരുദം നേടി.ഡംഡമിലെ ആദർശ് ശംഖൊ വിദ്യാമന്ദിറിൽ കുറച്ചുകാലം അദ്ധ്യാപകനായി പ്രവർത്തിച്ചു. വിദ്യാർത്ഥി സംഘടനാപ്രവർത്തന പശ്ചാത്തലമുണ്ടായിരുന്നതിനാൽ ജനാധിപത്യ യുവജന ഫെഡറേഷൻ പ്രവർത്തനത്തിൽ സജീവമായി. വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ 1966ൽ സി.പി.എം അംഗമായി. 1968ൽ പശ്ചിമബംഗാൾ ജനാധിപത്യ യുവജന ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായി.

സഖാവുമായി അടുത്ത് ഇടപഴകുവാൻ എനിക്കവസരം ഉണ്ടായത് 1980ൽ അഖിലേന്ത്യാ യുവജന സംഘടനയുടെ രൂപീകരണ സമ്മേളനം പഞ്ചാബിലെ ലുധിയാനയിൽ നടന്നപ്പോഴാണ്. എസ്.എഫ്.ഐ പ്രസിഡന്റ് എന്ന നിലയിൽ സൗഹാർദ്ദ പ്രതിനിധിയായി അവിടെയെത്തിയപ്പോൾ, പശ്ചിമബംഗാളിൽ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് അവിടെയെത്തിയ ബുദ്ധദേവ് ഭട്ടാചാര്യയെ പരിചയപ്പെടാൻ ഇടയായി. അനശ്വര രക്തസാക്ഷി സർദാർ ഭഗത്‌സിംഗ് ദത്തിന്റെ സഹപ്രവർത്തകരായ രണ്ട് വീരപോരാളികൾ പണ്ഡിറ്റ് ശിവവർമ്മയും പണ്ഡിറ്റ് കിശോരിലാലും അതേ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

അവർക്കൊപ്പമിരുന്ന് പശ്ചിമബംഗാളിലെ ഇടതുമുന്നണി സർക്കാരിലെ മന്ത്രിയായ യുവജന നേതാവിനോട് സംസാരിക്കാൻ സാധിച്ച സന്ദർഭം, സർദാർ ഭഗത്‌സിംഗിന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് സഹവിപ്ളവകാരികൾ കൈമാറിയ ആവേശവും ആത്മവിശ്വാസവും എന്നും ഓർമ്മയിൽ പ്രകാശിക്കുന്നതാണ്.

1982നും 87നും ഇടയിലുള്ള അഞ്ചുവർഷം ഒഴികെ, ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം കാലം പശ്ചിമബംഗാളിൽ മന്ത്രിയോ, ഉപമുഖ്യമന്ത്രിയോ, മുഖ്യമന്ത്രിയോ ആയി പ്രവർത്തിച്ച അനുഭവസമ്പത്ത് ബുദ്ധദായ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. തുടർച്ചയായി 2001ലും 2006ലും ഇടതുമുന്നണിയെ അഭിമാനകരമായ വിജയത്തിലേക്ക് നയിക്കാനും സഖാവിന് കഴിഞ്ഞു. മൂന്നര പതിറ്റാണ്ടോളം ദീർഘമായ ഇടതുമുന്നണി സർക്കാർ ചരിത്രത്തിൽ ഇടംപിടിക്കുന്ന നേട്ടങ്ങൾ കൈവരിച്ചുവെങ്കിലും രണ്ടാംഘട്ട മുന്നേറ്റം ലക്ഷ്യമാക്കി കൈക്കൊണ്ട വൻവ്യവസായവത്കരണ പദ്ധതികൾ നടപ്പാക്കിയ സന്ദർഭത്തിൽ ചില ഗുരുതരമായ ശ്രദ്ധക്കുറവുകൾ ഉണ്ടായി. അത് ചൂഷണം ചെയ്ത് അതിവിശാലമായ പ്രതിലോമ കൂട്ടുകെട്ട് തീവ്ര വലതുപക്ഷം മുതൽ തീവ്ര ഇടതുപക്ഷം വരെ ചേർന്ന് രൂപം നൽകി.

കമ്മ്യൂണിസ്റ്റുകാർ സാംസ്കാരിക രംഗത്ത് സവിശേഷ ശ്രദ്ധയും താത്പര്യവും പുലർത്തണമെന്ന ശക്തമായ അഭിപ്രായമുള്ള സഖാവാണ് ബുദ്ധദാ.അത് പ്രവൃത്തിയിൽ അദ്ദേഹം കാണിച്ചുതരികയും ചെയ്തു. അനശ്വരകവി സുഖാന്ത ഭട്ടാചാര്യ ബന്ധുവാണെന്നതിനാൽ മാത്രമല്ല, കവിതയിലും നാടകത്തിലും പരിഭാഷയിലും ബുദ്ധദാ തല്പരനായിരുന്നു.

ഗബ്രിയേൽ ഗാർഷ്യാ മാർക്വേസിന്റെ രണ്ടു രചനകൾ, വ്ളാദിമീർ മയക്കോവ്‌സ്തിയുടെ കവിതകൾ തുടങ്ങിയ പരിഭാഷകൾ ബുദ്ധദേവ് ഭട്ടാചാര്യയിലെ സാഹിത്യ കുതുകിയുടെ ഉത്തമ നിദർശനമാണ്.

പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന്റെ അനുഭവങ്ങൾ രണ്ടുഭാഗങ്ങളുള്ള ഒരു ഗ്രന്ഥമായി ബുദ്ധദാ പ്രസിദ്ധീകരിച്ചു.

ചൈനയുടെ ചരിത്രം- മംഗോളിയൻ ആക്രമണകാരികളെ ചെറുക്കുവാൻ വന്മതിൽ സാഹസികമായി നിർമ്മിച്ചത് മുതൽ സാമ്പത്തിക വികസനത്തിലും പുരോഗതിയിലും ലോകത്തെ അമ്പരപ്പിക്കുന്ന ആധുനിക ജനകീയ ചൈനയായുള്ള മുന്നേറ്റംവരെ വിവരിക്കുന്ന കൈപ്പുസ്തകം ബുദ്ധദായുടെ ഒരു ശ്രദ്ധേയ രചനയാണ്.

ജർമ്മനിയിൽ നാസിസത്തിന്റെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും അതിന്റെ പതനവും വിശകലനം ചെയ്യുന്ന കൃതിയും ഇന്നത്തെ ഇന്ത്യയിൽ വളരെ പ്രസക്തിയുള്ള രചന - അദ്ദേഹം 2018ൽ പ്രസിദ്ധീകരിച്ചു.

പശ്ചിമ ബംഗാളിന്റെയും ഇന്ത്യയുടെയും സുപ്രധാനമായ ഒരു ചരിത്രഘട്ടമാണ് ബുദ്ധദായുടെ വേർപാടോടെ അവസാനിക്കുന്നത്.

(സി.പി.എം പി.ബി അംഗമാണ് ലേഖകൻ)

Advertisement
Advertisement