പാറമടയിലെ ഖനനം നിലച്ചു, പക്ഷേ നാട്ടുകാര്‍ക്ക് മറ്റൊരു ദുരിതം

Friday 09 August 2024 1:31 AM IST
kerala

കോട്ടയം: ഖനനം നിലച്ച പാറമട ഒരു നാടിന് സമ്മാനിക്കുന്നത് ദുരിതം. നിലച്ചുപോയ പാറമട മാലിന്യം തള്ളാനൊരിടമായി മാറിയിരിക്കുകയാണ്. ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡ് പൊയ്കപ്പുറം ഭാഗത്ത് ഖനനം നിലച്ച പാറമടയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്.

ഇവിടെ ഖനനം നിലച്ചിട്ട് നാളുകളായി. ഇതോടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കിയതിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി ലോഡ് കണക്കിന് ജൈവ, അജൈവ മാലിന്യങ്ങളാണ് വാഹനങ്ങളില്‍ എത്തിച്ച് ഇവിടെ തള്ളുന്നത്. റോഡിനോട് ചേര്‍ന്ന് താഴ്ഭാഗത്തായാണ് പാറമട സ്ഥിതി ചെയ്യുന്നത്. പാറമടയുടെ ചുറ്റുമുള്ള ഭാഗം കാടുവളര്‍ന്ന് പന്തലിച്ച നിലയിലാണ്. അതിനാല്‍ വാഹനങ്ങളില്‍ മാലിന്യം എത്തിച്ച് ഇവിടെ തള്ളുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. പാറമടയിലെ വെള്ളക്കെട്ടിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ അഴുകി പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നു. ഇത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു. പാറമടയ്ക്ക് സമീപത്തായി അംഗന്‍വാടിയും നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാറമടയില്‍ നിന്നുള്ള വെള്ളം ഒഴുകി സമീപത്തെ തോട്ടിലേക്ക് എത്തിച്ചേരും. മറ്റൊരു പാറമടയും ഇതിന് മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നിന്നുള്ള വെള്ളവും ഈ പാറമടയിലേക്കാണ് എത്തിച്ചേരുന്നത്.

സംരക്ഷണ ഭിത്തി ഇല്ല

റോഡിനും പാറമടയ്ക്കും ഇടയില്‍ സംരക്ഷണഭിത്തിയില്ലാത്തത് അപകടഭീഷണിയും ഉയര്‍ത്തുന്നു. മുന്‍പ് മുള്ളുവേലി സ്ഥാപിച്ചിരുന്നെങ്കിലും മാലിന്യം തള്ളാന്‍ എത്തുന്നവര്‍ ഇത് പൊളിച്ചു നീക്കിയ നിലയിലാണ്. റോഡിന് വീതിയില്ലാത്തതും പരിചയമില്ലാതെ എത്തുന്നവരും അപകടത്തില്‍പ്പെടുന്നതിനും ഇടയാക്കുന്നു.

അപകട ഭീഷണി ഒഴിവാക്കണം. വന്‍തോതില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കണം. മാലിന്യ നിക്ഷേപം തടയണം. ഇതിനായി വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കണം. -പ്രദേശവാസികള്‍

Advertisement
Advertisement