പോരാട്ടം, അവിരാമം

Friday 09 August 2024 1:59 AM IST

ഒളിമ്പിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടു എന്ന യാഥാർത്ഥ്യം ഉൾക്കാെള്ളാൻ കഴിയുന്നതിന് മുന്നേയാണ് അടുത്ത ആഘാതമായി ഇന്ത്യൻ കായിക ആരാധകർക്ക് വിനേഷ് ഫോഗാട്ട് ഗുസ്തിയിൽ നിന്ന് വിരമിക്കുന്നതായ വാർത്തയെത്തിയത്. ഒളിമ്പിക്സിൽ ഗുസ്തി ജയിച്ചെന്നും താൻ തോറ്റുപോയെന്നും ധൈര്യം ചോർന്നുപോയെന്നുമാണ് വിരമിക്കൽ സന്ദേശത്തിൽ വിനേഷ് കുറിച്ചത്.

സങ്കടത്തിരകളുടെ വേലിയേറ്റം കൊണ്ട് എടുത്ത വൈകാരിക തീരുമാനമെന്ന് ആദ്യം തോന്നുമെങ്കിലും പ്രായോഗികതയുടെ അടിസ്ഥാനത്തിലാണ് വിനേഷ് ഈ രീതിയിൽ ചിന്തിച്ചത്. ഈ മാസം 25ന് വിനേഷിന് 30 വയസ് തികയും. 23 വർഷമായി ഗോദയിലുണ്ട്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി. ലോക ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞു. ലോക റാങ്കിംഗിൽ ഒന്നാമതെത്തി. ഒളിമ്പിക്സ് ഒഴികെ പ്രധാനപ്പെട്ട ടൂർണമെന്റുകളിലൊക്കെ വിജയം നേടി. ഇതിനിടയിൽ നിരവധി തവണ പരിക്കേറ്റ് ശസ്ത്രക്രിയകൾക്ക് വിധേയയായി.

പാരീസിലേതുൾപ്പടെ മൂന്ന് ഒളിമ്പിക്സുകളിൽ മത്സരിച്ചിട്ടും ആ വലിയ ലക്ഷ്യം കീഴടക്കാനായില്ല. ഇനിയൊരു ഒളിമ്പിക്സിൽ വിനേഷിന് മത്സരിക്കണമെങ്കിൽ നാലു വർഷം കഴിയണം. 34-ാം വയസിൽ ഒളിമ്പിക്സിന് മത്സരിക്കുക പറയുന്നതുപോലെ അത്ര എളുപ്പമല്ലെന്ന് ഈ കായികരംഗത്ത് രണ്ടുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള വിനേഷിന് അറിയാം. ഇത്രയും വർഷം ശാരീരികക്ഷമത നിലനിറുത്തുക വളരെ പ്രയാസകരമാണ്. ഈ ഒളിമ്പിക്സിന് ശേഷം വിരമിക്കുക എന്ന് മനസിൽ കുറിച്ചിട്ടുതന്നെയാകും വിനേഷ് പാരീസിലേക്ക് എത്തിയിരിക്കുക. ഇപ്പോഴത്തെ സംഭവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആ തീരുമാനം പ്രഖ്യാപിച്ചപ്പോൾ വൈകാരികമായി കായികലോകം അതിനെ ഏറ്റെടുത്തു എന്നതാണ് യാഥാർത്ഥ്യം.

കളിക്കളത്തിൽ നിന്ന് വിരമിക്കുന്നെങ്കിലും വിനേഷ് തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയാണെന്ന് കരുതുക വയ്യ. ഗുസ്തി ഫെഡറേഷന്റെ തലപ്പത്തിരിക്കുന്നവർക്കെതിരെ തെരുവിൽ പൊലീസിന്റെ തല്ലുകൊണ്ടുവീണപ്പോൾ പോലും തളർന്നിട്ടില്ല ആ വീര്യം. വിനേഷിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഈ ഒളിമ്പിക്സിന് യോഗ്യത നേടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ലായിരുന്നു. ഫെഡറേഷന്റെ ശത്രു പക്ഷത്തുനിന്നിട്ടും കായികതാരമെന്ന നിലയിൽ തനിക്ക് അവകാശപ്പെട്ടതെല്ലാം നേ‌ടിയെടുക്കാൻ വിനേഷിന് കഴിഞ്ഞത് തന്റെ കായിക പ്രതിഭയുടെ മികവിലുള്ള വിശ്വാസം കൊണ്ടാണ്.

വനിതാ ഗുസ്തിയിൽ ഇന്ത്യയ്ക്ക് മേൽവിലാസമുണ്ടാക്കിയ ഫോഗാട്ട് കുടുംബത്തിൽ നിന്ന് വന്ന ഈ തീപ്പൊരിക്ക് അങ്ങനെയങ്ങ് വിരമിച്ചുപോകാനാവില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ അവിരാമം വിനേഷ് തീപ്പൊരിയായി പടരുകതന്നെ ചെയ്യും.

തീരുമാനം മാറ്റണം : ഫെഡറേഷൻ

ഗുസ്തിയിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം വിനേഷ് പിൻവലിക്കണമെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ മനപ്രയാസം മാറിക്കഴിയുമ്പോൾ കളിക്കളത്തിലേക്ക് തിരിച്ചുവരണമെന്നും രാജ്യത്തിനായി ഇനിയും മെഡലുകൾ നേടാൻ വിനേഷിന് കഴിയുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

അവളോടു പറഞ്ഞുനോക്കാം : മഹാവീർ

വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ വിനേഷിനോ‌ട് പറഞ്ഞുനോക്കുമെന്ന് വിനേഷിന്റെ അമ്മാവനും ആദ്യ പരിശീലകനുമായ മഹാവീർ സിംഗ് ഫോഗാട്ട് പറഞ്ഞു. 2028ൽ നടക്കുന്ന ലോസാഞ്ചലസ് ഒളിമ്പിക്സിൽ മെഡൽ നേടാമെന്ന് അവൾക്ക് ബോദ്ധ്യം വന്നാൽ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ഗീത,ബബിത എന്നീ മുൻ വനിതാ ഗുസ്തി ചാമ്പ്യന്മാരുടെ

പിതാവ് കൂടിയായ മഹാവീർ പറഞ്ഞു. ദംഗൽ എന്ന ചിത്രത്തിൽ അമീർ ഖാൻ അവതരിപ്പിച്ചത് മഹാവീറിനെയാണ്.

Advertisement
Advertisement