പാടിത്തീരുന്ന ശ്രീ രാഗം

Friday 09 August 2024 2:18 AM IST

കളിയിലെ കാവ്യനീതിയായ്.. . പള്ളിക്കരയിൽ നിന്ന് കൈയിലൊരു ഹോക്കി സ്റ്റിക്കുമായി,​ ലോകവേദികളിൽ ഇന്ത്യയുടെ കാവൽ മാലാഖയായി ഇതിഹാസമായി വളർന്ന പി.ആർ ശ്രീജേഷ്, ഏറ്റവും മൂല്യമേറിയ ഒളിമ്പിക്സ് മെഡൽ കഴുത്തിലണിഞ്ഞ് കളിനറുത്തി. ലോകമെമ്പാടുമുള്ള പതിനായിരിക്കണക്കിന് ചെറപ്പക്കാർക്ക് പ്രചോദനമായ കരിയർ ബാക്കിയാക്കി...രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന റെക്കാഡും ശ്രീജേഷ് തന്റെ പേരിനൊപ്പം ചേർത്തു.

എന്നെ വിശ്വസിച്ചതിന് എനിക്കൊപ്പം നിന്നതിന് ഇന്ത്യയ്ക്ക് നന്ദിയെന്ന് ഹൃദയഹാരിയായ കുറിപ്പെഴുതിയാണ് ശ്രീജേഷ് രാജ്യത്തിനായുള്ള അവസാന മത്സരത്തിൽ ഒളിമ്പിക്സ് വെങ്കലം തേടി സ്പെയി‌നിനെതിരെ ഇറങ്ങിയത്. ആദ്യം ഒരുഗോൾ വഴങ്ങിയെങ്കിലും പതിവുപോലെ ഹർമ്മൻപ്രീത് പെനാൽറ്റി കോർണറുകൾ എതിർ വലയിലെത്തിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. തിരിച്ചടിക്കാൻ സ്‌പെയിൻ മിന്നലാക്രമണങ്ങളുമായി ഇരച്ചെത്തിയങ്കിലും ഇന്ത്യയുടെ നീല ജേഴ്സിയിട്ടാൽ ആകാശത്തോളം വളരുന്ന ശ്രീജേഷെന്ന വന്മതിലിൽ തട്ടി അതെല്ലാം നി‌ർവീര്യമായി. അവാസന നിമിഷങ്ങളിലെ പെനാൽറ്റി കോർണർ അവിശ്വസനീയമാംവിധം സേവ് ചെയ്തു.

ടോക്യോയിലും ഇപ്പോൾ പാരീസിലും ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കലമെഡൽ നേടുമ്പോൾ ശ്രീജേഷ് തട്ടിയകറ്റിയ എതിർ ഗോൾ ശ്രമങ്ങൾക്ക് പൊന്നിൻവിലയാണ്.

പാരീസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് മുപ്പത്തിയാറുകാരനായ ശ്രീജേഷ് പ്രഖ്യാപിച്ചപ്പോഴെ ഇന്ത്യൻ ടീം ക്യാപ്ടൻ ഹർമ്മൻപ്രീത് കളിക്കാരോടെല്ലാം പറഞ്ഞു ശ്രീഭായിക്കായി നമുക്ക് ഇത്തവണ ജയിച്ചേ തീരൂവെന്ന്. എല്ലാവരും അതേറ്റെടുത്തതോടെ ടീം ഇന്ത്യയുടെ വിജയമന്ത്രമായി മാറി. ഇത്തവണയും ഇന്ത്യയുടെ കുതിപ്പിന് പിന്നിൽ ശ്രീജേഷ് പ്രധാന ചാലക ശക്തിയായി. ഗ്രേറ്റ് ബ്രിട്ടണെതിരായ ഷൂട്ടൗട്ടിൽ ഉൾപ്പെടെ ശ്രീജേഷിന്റെ സേവുകൾ ഇന്ത്യയ്ക്ക് രക്ഷയായി. ലോകചാമ്പ്യൻമാരായ ജർമ്മനിക്കെതിരെ സെമിയിൽ പൊരുതി വീണെങ്കിലും വെങ്കല മെഡൽ പോരാട്ടത്തിൽ വിജയം നേടി ശ്രീജേഷിന് അർഹിച്ച യാത്രയയ്പ്പ് തന്നെ ടീമംഗങ്ങൾ നൽകി.

ഹർമ്മന്റെ തോളിലേറി

ടീമിന് ശ്രീജേഷ് എത്രത്തോളം പ്രധാനമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ മത്സരശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ വിജയാഘോഷങ്ങൾ. ലോംഗ് വിസിൽ മുഴങ്ങി ഇന്ത്യ വിജയമുറപ്പിച്ചപ്പോൾ എല്ലാം പൂർത്തിയായെന്ന് പറയുംപോലെ ഗോൾ പോസ്റ്റിന് നേരെ തിരിഞ്ഞ് സൃാഷ്ടാംഗം പ്രണമിക്കുകയാണ് ശ്രീജേഷ് ആദ്യം ചെയ്തത്. താരങ്ങളെല്ലാം ഓടിയെത്തി ടർഫിൽ കമിഴ്‌ന്നു കിടന്ന ശ്രീജേഷിനെ പൊതിഞ്ഞു. തുടർന്ന് കൈളുയർത്തി നടുവ് കുനിച്ച് ശ്രീജേഷിന് അഭിവാദ്യമർപ്പിച്ചു. ഹർമ്മൻ പ്രീത് ശ്രീയെ തോളലേറ്റി വിക്ടറി ലാപ്പ് നടത്തി. പോസ്റ്റപിനുമുകളിൽ കയറിയിരുന്ന് ടീമിനേയും ഗാലറിയേയും അഭിവാദ്യം ചെയ്തുള്ള പതിവ് ആഘോഷവും ശ്രീജേഷ് നടത്തി.

സ്പാനിഷ് കോച്ചും ക്യാപ്ടനും മറ്റ് സഹതാരങ്ങളുമെല്ലാം ശ്രീജേഷിന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇന്നലെ മത്സരം തുടങ്ങിയപ്പോൾ മുതലേ ഗാലറിയിൽ നിന്ന് ആരാധകർ ശ്രീജേഷ്,​ ശ്രീജേഷ് എന്ന് ആർപ്പുവിളിച്ചുകൊണ്ടിരുന്നു. കായിക ലോകത്ത് ഒരു മലയാളിയ്ക്ക് കിട്ടിയ ഏറ്റവും വലുതും മഹത്വരവുമായ യാത്രയയപ്പ്.

ഇന്ത്യൻ ജേഴ്സിയിൽ 18 വർഷം

2006ൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറിയ ശ്രീജേഷ് ഇതുവരെ 335 മത്സരങ്ങളിൽ ഇന്ത്യൻ ഗോൾവലകാത്തു.2016ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഒളിമ്പിക്സ് ക്വാർട്ടർ വരെയെത്തിയിരുന്നു. 2020ലെ ടോക്യോയിലും ഇപ്പോൾ പാരീസിലും ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിന് പ്രധാന പങ്കുവഹിച്ചു. ഇതുകൂടാടെ 2014ലെ ഏഷ്യൻ ഗെയിംസിലെ സ്വർണ നേട്ടത്തിലുൾപ്പെടെ ഇന്ത്യയുടെ പലനിർണായക നേട്ടങ്ങളിലും വിജയങ്ങളിലും സുപ്രധാന പങ്കുവഹിച്ചു.

2017ൽ പദ്‌മ ശ്രീ അവാർഡും 2021ൽ കായിക രംഗത്തെ പരമോന്നത ബഹുമതിയായഖേൽ രത്നയും നൽകി രാജ്യം ആദരിച്ചു.

വിരമിക്കൽ ഉചിതമായ സമയത്ത്

സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിറുത്തുകയെന്ന് പറയുമ്പോലെ കരിയറിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ശ്രീ കളിനിറുത്തുന്നത്. ഇനിയൊരു വലിയ ടൂർണമെന്റ് രണ്ട് വർഷത്തിന് ശേഷമാണ്. യുവാക്കൾക്ക് അവസരം നൽകാൻ അതിനാൽ തന്നെ ഈ ഒളിമ്പിക്സ് വിരമിക്കലിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോൾ സ്വപ്ന സാക്ഷാത്കാരം പോലെ മെഡൽ തിളക്കത്തോടെ അവസാനിപ്പിക്കാനായി. ഹോക്കിയെ പഴയ പെരുമയിലേക്ക് കൊണ്ടുപോകാൻ വലിയ പങ്കുവഹിച്ചാണ് ശ്രീ മടങ്ങുന്നത്. 40 വർഷത്തിന് ശേഷം അതായത് 1980ന് ശേഷം ഇന്ത്യൻ ഹോക്കി ടീം നേടിയ രണ്ട് ഒളിമ്പിക്സ് മെഡലുകളിൽ കൈയൊപ്പ് പതിപ്പിച്ച്,​ അത് നേടാൻ നായക തുല്യമായ നേതൃത്വം വഹിച്ചാണ് ശ്രീ കുപ്പായം അഴിക്കുന്നത്.

സഹപരിശീലകനായേക്കും

അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച ശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പിംഗ് പരിശീലകനായേക്കുമെന്നാണ് വിവരം.

Advertisement
Advertisement