നീ...രജതം

Friday 09 August 2024 2:33 AM IST

പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ വെള്ളി

അത്‌ലറ്റിക്സിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ

പാകിസ്ഥാന്റെ നദീം അർഷാദിന് ഒളിമ്പിക് റെക്കാഡോടെ സ്വർണം.

നീരജിന്റെ അഞ്ചു ത്രോകൾ ഫൗളായി

പാരീസ്: ടോക്യോ ഒളിമ്പിക്സിലെ സ്വർണമായാജാലക്കാരൻ നീരജ് ചോപ്ര പാരീസിൽ പാകിസ്ഥാൻ താരത്തിൽ നിന്ന് വെള്ളിടിയേറ്റ് വെള്ളിമെഡലിലൊതുങ്ങി. ഇന്നലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ഫൗളല്ലാതിരുന്ന ഒരേയൊരു ശ്രമത്തിൽ 89.45 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് രണ്ടാമനായത്. 92.97 മീറ്റർ എറിഞ്ഞ പാകിസ്ഥാന്റെ നദീം അർഷാദ് നീരജിനെ മറികടന്ന് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി. നദീം രണ്ടാം ശ്രമത്തിൽ മുന്നിലെത്തിയതോടെ സമ്മർദ്ദത്തിലായ നീരജിന്റെ അഞ്ചു ത്രോകളാണ് ഫൗളായത്. കരിയറിൽ ഇതുവരെ 90 മീറ്റർ കടക്കാൻ നീരജിന് കഴിഞ്ഞിട്ടില്ല. നാലുവർഷം മുമ്പ് 87.58 മീറ്റർ എറിഞ്ഞാണ് നീരജ് അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരുന്നത്.

ഫൈനലിൽ നീരജിന്റെ ആദ്യശ്രമം ഫൗളായിരുന്നു. നദീം അർഷാദിന്റെ ആദ്യ ശ്രമമവും ഫൗളായിരുന്നെങ്കിലും രണ്ടാം ശ്രമത്തിൽ ഒളിമ്പിക് റെക്കാഡ് ദൂരത്തിലേക്ക് ജാവലിൻ പായിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ എറിഞ്ഞ് നീരജ് രണ്ടാമതേക്ക് ഉയർന്നു. നീരജിന്റെ മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും ആറാമത്തേയും ശ്രമങ്ങൾ കൂടി ഫൗളായി.

5

ഇതോടെ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ മെഡലുകളുടെ എണ്ണം അഞ്ചായി ഉയർന്നു. ഷൂട്ടിംഗിൽ നിന്ന് മൂന്ന് വെങ്കലങ്ങൾ ലഭിച്ച ശേഷം ആദ്യമായി ഇന്ത്യയുടെ മെഡൽപ്പട്ടികയ്ക്ക് അനക്കംവച്ചത് ഇന്നലെയാണ്.

നീരജിന്റെ നേട്ടങ്ങൾ

2020, ഒളിമ്പിക് സ്വർണം

2023, ലോക ചാമ്പ്യൻഷിപ്പ് സ്വർണം

2023, ഏഷ്യൻ ഗെയിംസ് സ്വർണം

2022, ലോക ചാമ്പ്യൻഷിപ്പ് വെള്ളി

2018, കോമൺവെൽത്ത് ഗെയിംസ് സ്വർണം

2018, ഏഷ്യൻ ഗെയിംസ് സ്വർണം

പാരീസിൽ ഇന്ത്യയുടെ ആദ്യ വെള്ളി