"എന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ"; സ്വർണം നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്ന് നീരജ് ചോപ്ര
പാരീസ്: തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്ന് നീരജ് ചോപ്ര. പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം പാകിസ്ഥാന്റെ അർഷാദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നും നീരജ് വ്യക്തമാക്കി. അതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്‌ചവച്ച നദീമിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്നലെ സ്റ്റേഡ് ഡി ഫ്രാൻസിൽ ഫൗളല്ലാതിരുന്ന ഒരേയൊരു ശ്രമത്തിൽ 89.45 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് രണ്ടാമനായത്. 92.97 മീറ്റർ എറിഞ്ഞ അർഷാദ് നദീം നീരജിനെ മറികടന്ന് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടുകയായിരുന്നു. നദീം രണ്ടാം ശ്രമത്തിൽ മുന്നിലെത്തിയതോടെ സമ്മർദ്ദത്തിലായ നീരജിന്റെ അഞ്ചു ത്രോകളാണ് ഫൗളായത്. കരിയറിൽ ഇതുവരെ 90 മീറ്റർ കടക്കാൻ നീരജിന് കഴിഞ്ഞിട്ടില്ല. നാലുവർഷം മുമ്പ് 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയത്.
ഫൈനലിൽ നീരജിന്റെ ആദ്യശ്രമം ഫൗളായിരുന്നു. നദീമിന്റെ ആദ്യ ശ്രമമവും ഫൗളായിരുന്നെങ്കിലും രണ്ടാം ശ്രമത്തിൽ ഒളിമ്പിക് റെക്കാഡ് ദൂരത്തിലേക്ക് ജാവലിൻ പായിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ എറിഞ്ഞ് നീരജ് രണ്ടാമതേക്ക് ഉയർന്നു. നീരജിന്റെ മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും ആറാമത്തേയും ശ്രമങ്ങൾ കൂടി ഫൗളായി.