10 മണിക്കൂർ നേരത്തേക്ക് വെറും 20 രൂപ: കൊച്ചിക്കാർ മുഴുവനും പുതിയ ട്രെൻഡിന് പിന്നാലെ, കൂടുതൽ ഇടപ്പള്ളിയിൽ

Friday 09 August 2024 11:22 AM IST

കൊച്ചി: സൈക്കിൾ ഉപയോഗിച്ചാൽ രണ്ടുണ്ട് കാര്യം. ഒന്ന് യാത്രാ ചെലവിൽ വലിയ തുക ലാഭിക്കാം, മറ്റൊന്ന് മികച്ച ആരോഗ്യം നേടിയെടുക്കാം. അതുകൊണ്ടായിരിക്കാം കൊച്ചിക്കാർ ഇന്ന് മുഴുവൻ സൈക്കിളിന് പിന്നാലെയാണ്. കൊച്ചി നഗരത്തിലുള്ളവരുടെ പ്രിയപ്പെട്ട വാഹനമായി സൈക്കിൾ മാറുകയാണെന്ന് കണക്കുകൾ വ്യക്തമാകുന്നു. മെട്രോ റെയിലിന്റെ ലാസ്റ്റ് മൈൽ കണക്ടിവിറ്റിയായി അവതരിപ്പിച്ച സൈക്കിളുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്.

മെട്രോയുമായി ചേർന്ന് മൈ ബൈക്കാണ് കൊച്ചിക്കാർക്ക് തുച്ഛമായ നിരക്കിൽ സൈക്കിൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. 950 സൈക്കിളുകൾ വിവിധ സ്ഥലങ്ങളിലായി ലഭ്യമാണ്. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ ഒഴികെ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും സൈക്കിൾ ലഭ്യമാണ്. ആലുവയിൽ സൈക്കിൾ വയ്ക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാന പ്രശ്നം. ഉടൻ തന്നെ തൃപ്പൂണിത്തുറ സ്റ്റേഷനിൽ സൈക്കിൾ എത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇടപ്പള്ളി സ്റ്റേഷനിൽ എത്തുന്നവരാണ് ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നത്. ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ കൂടുതലായി സൈക്കിളെടുക്കുന്നുണ്ട്.

ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരാണ് കൂടുതലായും സൈക്കിൾ തിരഞ്ഞെടുക്കുന്നത്. സ്ത്രീകളും സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷം നടത്തിയ പഠനത്തിൽ കൂടുതലും സൈക്കിൾ ഉപയോഗിക്കുന്നത് മുതിർന്ന പൗരന്മാരാണെന്ന് കണ്ടെത്തിയിരുന്നു. ഉപയോഗം വർദ്ധിച്ചതോടെ കൂടുതൽ സൈക്കിളുകൾ പുറത്തിറക്കാൻ മൈ ബൈക്കിന് പദ്ധതിയുണ്ട്.

mybike എന്ന ആപ്പിലൂടെയാണ് സൈക്കിൾ വാടകയ്ക്ക് എടുക്കാൻ സാധിക്കുക. സൈക്കിൾ നമ്പർ തിരഞ്ഞെടുത്തതിന് ശേഷം പാസ്‌വേർഡ് ഉപയോഗിച്ച് യാത്ര തുടങ്ങാം. യാത്ര അവസാനിക്കുമ്പോൾ സൈക്കിൾ റാക്കിൽ വച്ച് എൻഡ് ഓപ്ഷൻ കൊടുക്കാം. 20 രൂപയ്ത്ത് പത്ത് മണിക്കൂർ വരെ സൈക്കിൾ ഉപയോഗിക്കാം. 500 രൂപയാണ് ഡെപ്പോസിറ്റായി നൽകേണ്ടത്.

Advertisement
Advertisement