വയനാട് ദുരന്തം; സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തി, തിരിച്ചറിയാനാകാത്ത അവസ്ഥയിൽ

Friday 09 August 2024 11:54 AM IST

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.രക്ഷൗദാത്യ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിൽ സൂചിപ്പാറ - കാന്തൻപാറ ഭാഗത്തുനിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.

ദുരന്തം നടന്ന് പതിനൊന്നാം ദിവസത്തിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതോടെ ആകെ മരണം 408 ആയി. ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായ മേഖലയാണ് സൂചിപ്പാറ - കാന്തൻപാറ.


'മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹത്തിന്റെ കാലുമാണ് കണ്ടത്. ഒരു മരത്തിനടിയിലാണ് കാല്. അത് മാറ്റിനോക്കിയാലേ മൃതദേഹത്തിന്റെ ബാക്കി ഭാഗം ഉണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളൂ. ഇതിന് മുമ്പ് ഇവിടെ ആരും തെരച്ചിൽ നടത്തിയില്ലെന്ന് തോന്നുന്നു. കാരണം കാണുന്ന സൈഡിൽ തന്നെയാണ് എല്ലാ ബോഡിയും കിടക്കുന്നത്. പിന്നെ ആരും ഇങ്ങട് വന്നില്ലെന്ന് തോന്നുന്നു. ഞങ്ങൾ തെരഞ്ഞിട്ടൊന്നുമില്ല. നാല് ബോഡി കണ്ടപ്പോൾ ഇവിടെ നിൽക്കുകയാണ്. ഇവിടെ നല്ലപോലെ മണമുണ്ട്. ഇതിനകത്ത് ചിലപ്പോൾ വേറെയും മൃതദേഹങ്ങൾ ഉണ്ടായേക്കാം. ഞങ്ങൾ എട്ടുപേരാണ് ഇവിടെയുള്ളത്. ഇതിലേ അരും വന്നില്ല സാറേ ഇതുവരെ. ഇവിടെ തെരച്ചിൽ നടത്തണം. മൃതദേഹങ്ങളെല്ലാം അഴുകിയിട്ടുണ്ട്.'- രക്ഷാപ്രവർത്തകനായ നൗഫൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Advertisement
Advertisement