'എനിക്ക് അതേക്കുറിച്ച് ആലോചിക്കാന്‍ താത്പര്യമില്ല', നിലപാട് വ്യക്തമാക്കി സഞ്ജു സാംസണ്‍

Friday 09 August 2024 7:45 PM IST
സഞ്ജു സാംസണ്‍

തിരുവനന്തപുരം: കരിയറില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാനാണ് തനിക്കിഷ്ടമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരമായി സ്ഥാനം അര്‍ഹിക്കുന്നുണ്ടെങ്കിലും സ്ഥിരമായി അവഗണിക്കപ്പെടുന്നുവെന്ന പ്രചാരണത്തില്‍ താരം പ്രതികരിച്ചു. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ കളിക്കുമെന്നും ഇല്ലെങ്കില്‍ കളിക്കില്ലെന്നും താരം പറഞ്ഞു. ടീമിലേക്ക് സ്ഥിരമായി അവസരം ലഭിക്കാത്തതിനെപ്പറ്റി ആലോചിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും സഞ്ജു പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. സഞ്ജുവാണ് ലോഗോ പ്രകാശനം ചെയ്തത്. സ്വന്തം നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. എല്ലാ കാര്യങ്ങളും വളരെ പോസിറ്റിവായി കാണുകയെന്നത് പ്രധാനമാണ്. അതിനായി തുടര്‍ന്നും ശ്രമിക്കുന്നതിനാണ് പരിഗണന. കളി വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും നല്ല മാറ്റമുണ്ടെന്നും താരം പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ കയറിയപ്പോള്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അത് സാദ്ധ്യമായപ്പോള്‍ സ്വപ്‌നം പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നാല്‍ ഒരു ചെറിയ കാര്യമല്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ തുടരെ രണ്ട് മത്സരങ്ങളില്‍ ഡക്കായതിനെക്കുറിച്ചും താരം പ്രതികരിച്ചു. ലങ്കന്‍ പര്യടനത്തില്‍ കാര്യങ്ങള്‍ വിചാരിച്ചപ്പോലെ നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിലുള്ളവര്‍ നല്‍കുന്ന പിന്തുണയും ന്യൂസീലാന്‍ഡ് മുതല്‍ വെസ്റ്റിന്‍ഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണ്. പുറത്തുപോയി കളിക്കുമ്പോള്‍ കിട്ടുന്ന പിന്തുണ ഡ്രസ്സിങ് റൂമില്‍ പോലും ചര്‍ച്ചയാണ്. എടാ ചേട്ടാ എവിടെ പോയാലും നിനക്ക് വലിയ പിന്തുണയാണല്ലോ എന്ന് മറ്റു ടീം അംഗങ്ങള്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് ടീമില്‍ ഇടം കിട്ടാതെ വരുമ്പോഴും ഞാന്‍ ഡക്ക് ആവുമ്പോഴുമെല്ലാം അവര്‍ക്ക് നിരാശയുണ്ടാകും. അത് മനസിലാക്കാനുള്ള പക്വതയുണ്ടെന്നും സഞ്ജു പറഞ്ഞു.