പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കും, വരന്റേത് 15 വയസും , നിയമഭേദഗതിക്കുള്ള ഇറാഖിന്റെ നടപടി വിവാദത്തിൽ

Friday 09 August 2024 8:01 PM IST

ബാഗ്‌ദാദ് : പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസാക്കി കുറയ്ക്കുക ലക്ഷ്യമിട്ട് ഇറാഖ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമായി. നിലവിൽ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്. ഈ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. കുടുംബ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാനുള്ള അവകാശവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ബിൽ പാർലമെന്റിൽ പാസായാൽ പെൺകുട്ടികളുടെ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ഒമ്പത് വയസാകും. ആൺകുട്ടികളുടേത് 15 വയസാകും. . ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും സിവിൽ സൊസൈറ്റി പ്രവർത്തകരും സ്ത്രീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ വിവാഹമോചനം,​ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ബിൽ കാരണമാകുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കിനും ശൈശവ വിവാഹവും ചൂഷണവും കൂടാനും സ്ത്രീകളുടെ അവകാശ നിഷേധത്തിനും ഇത് കാരണമാകുമെന്നും സംഘടനകൾ പറയുന്നു. ഗാർ‌ഹിക പീഡനം,​ നേരത്തെയുള്ള ഗർഭധാരണം എന്നിവ ഇതിന്റെ അനന്തരഫലങ്ങൾ ആയിരിക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

നിയമഭേദഗതി ഇറാക്കിനെ പിന്നോട്ട് നയിക്കുമെന്നും നിരവധി ബാലവിവാഹങ്ങളാണ് ഇപ്പോഴും ഇറാഖിൽ നടക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതികരിച്ചു. കഴിഞ്ഞ ജൂലായ് അവസാനം വിവാഹപ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിൽ കൊണ്ടുവന്നിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് വീണ്ടും ബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ചത്.