നീരജ് ചോപ്രയുടെ അമ്മയ്ക്ക് പാകിസ്ഥാനിലും പ്രശംസ, പുകഴ്ത്തി ഇതിഹാസങ്ങള്‍ വരെ രംഗത്ത്

Friday 09 August 2024 8:18 PM IST
റാസിയ പര്‍വീണ്‍, സരോജ് ദേവി

പാരീസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ മറികടന്നാണ് പാകിസ്ഥാന്റെ അര്‍ഷാദ് നദീം ഒളിമ്പിക്‌സ് റെക്കോഡോടെ സ്വര്‍ണം നേടിയത്. ടോക്കിയോയിലെ സ്വര്‍ണ മെഡല്‍ നേട്ടം ആവര്‍ത്തിക്കാന്‍ ഇറങ്ങിയ നീരജിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം നീരജ് ചോപ്രയുടെ അമ്മ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. നദീം തനിക്ക് മകനെപ്പോലെയാണെന്ന പ്രതികരണത്തിന് ഇപ്പോഴിതാ പാകിസ്ഥാനിലും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.

വെള്ളി മെഡല്‍ നേട്ടത്തെ മികച്ചതായി കാണുന്നു. സ്വര്‍ണം നേടിയ നദീം മകനെപ്പോലെയാണ്. ഓരോ കായികതാരവും ഒരുപാട് കഷ്ടപ്പെട്ടാണ് നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് എന്നായിരുന്നു സരോജ് ദേവിയുടെ പ്രതികരണം. ഒരു അമ്മയ്ക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണിതെന്നാണ് പാകിസ്ഥാന്റെ ഇതിഹാസ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍ പ്രതികരിച്ചത്. തന്റെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് നീരജിന്റെ അമ്മയെ അക്തര്‍ പ്രശംസിച്ചത്. പാകിസ്ഥാനിലെ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ സരോജ് ദേവിയെ പ്രശംസിക്കുകയാണ്.

സമാനമായ രീതിയില്‍ നദീമിന്റെ അമ്മയുടെ പ്രതികരണവും ശ്രദ്ധനേടുകയും പ്രശംസ പിടിച്ചുപറ്റുകയുമാണ്. നീരജിനെ അഭിനന്ദിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. നീരജ് നദീമിന്റെ സഹോദരനും സുഹൃത്തുമാണ്. അവനും എന്റെ മകനാണ്. ഭാവിയില്‍ ഇനിയും മെഡലുകള്‍ നേടാന്‍ അവന് കഴിയും. മകന്റെ ജയത്തിനൊപ്പം നീരജീന്റെ ജയത്തിന് വേണ്ടിയും താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ഒരു പാക് മാദ്ധ്യമത്തോട് റാസിയ പര്‍വീണ്‍ പറഞ്ഞു.

നീരജിന്റെ അമ്മ സരോജ് ദേവിക്കും നദീമിന്റെ അമ്മ റാസിയ പര്‍വീണിനും വലിയ അഭിനന്ദനവും പ്രശംസയുമാണ് രണ്ട് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രണ്ട് താരങ്ങളുടേയും അമ്മമാരെ പോലെ തന്നെ നിരവധി ആളുകളുടെ മനസില്‍ ഇല്ലെന്നതിന് തെളിവാണ് ഇരുവരും നടത്തിയ പ്രതികരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. നീരജ് - നദീം സൗഹൃദവും പരസ്പര ബഹുമാനവും ലോകത്തിന് തന്നെ മാതൃകയാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.