വയനാട്ടിൽ നൈപുണ്യ പരിശീലന കേന്ദ്രവുമായി ജെയിൻ യൂണിവേഴ്‌സിറ്റി

Saturday 10 August 2024 12:17 AM IST

ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നൽകും

കൊച്ചി: ദുരിതബാധിതരായ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കാനായി പുതിയ രാജ്യാന്തര നൈപുണ്യ പരിശീലന കേന്ദ്രം വയനാട്ടിൽ സ്ഥാപിക്കുമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിൽ വയനാട്ടിൽ നിന്ന് പ്രഗത്ഭരായ യുവാക്കളെ വാർത്തെടുക്കാനാണ് ലക്ഷ്യം. പ്രകൃതി ദുരന്തത്തിൽ ഉറ്റവരെയും ജീവിതമാർഗവും നഷ്ടമായവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകും. ദുരിതബാധിത മേഖലയിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ജെയിൻ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫ്‌ലൈൻ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ സൗജന്യ പഠനം നടത്താം. നേരിട്ടെത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ പഠനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Advertisement
Advertisement