തമിഴ്‌നാടിനെ മാതൃകയാക്കി നേട്ടം കൊയ്യാന്‍ കേരളം, പ്രധാന വെല്ലുവിളി ഒരു കാര്യത്തില്‍
തിരുവനന്തപുരം: വ്യാവസായിക വികസനത്തിന് കേരളത്തിനും തമിഴ്‌നാടിനും പരസ്പര പൂരകമായ സഹകരണം പല തലങ്ങളിലും സാദ്ധ്യമാണെന്ന് വ്യവസായ, നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. ഇരുസംസ്ഥാനങ്ങളിലേയും വിഭവങ്ങളും കഴിവുകളും ഉപയോഗപ്പെടുത്തി ഒരുമിച്ച് വളരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരള വ്യവസായ വികസന കോര്‍പ്പറേഷനും (കെ.എസ്.ഐ.ഡി.സി) കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ) സംയുക്തമായി ചെന്നൈയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളം നേരിടുന്ന പ്രധാന വെല്ലുവിളി ഭൂമിയുടെ ലഭ്യതയാണ്. വലിയ ഭൂമി ആവശ്യമില്ലാത്ത മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിച്ച് പുതിയ സംരംഭങ്ങള്‍ കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി സ്വകാര്യ വ്യവസായ പാര്‍ക്കുകളും ക്യാമ്പസ് വ്യവസായ പാര്‍ക്കുകളും പ്രോത്സാഹിപ്പിക്കും. 10 ഏക്കര്‍ ഭൂമി ആവശ്യമുള്ള പദ്ധതികള്‍ക്ക് 60 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്കാനായി ലാന്‍ഡ് അലോട്ട്മെന്റ് നയത്തില്‍ ഭേദഗതി വരുത്തിയിരുന്നു .ഓരോ പ്രദേശത്തേയും ഭൂമി ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന ലാന്‍ഡ് പൂളിംഗ് പോളിസിയും വലിയ ചുവടുവയ്പ്പാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരള വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, സി.ഐ.ഐ തമിഴ് നാട് ഘടകം ചെയര്‍മാന്‍ ശ്രീവത്സ് റാം, കേരള ഘടകം ചെയര്‍മാന്‍ വിനോദ് മഞ്ഞില, വ്യവസായി ശ്രീനാഥ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.