നീരജും നദീമും, ജാവലിനിലെ സഹോദരങ്ങൾ

Saturday 10 August 2024 12:50 AM IST

പാരീസ് : മൂന്ന് വർഷം മുമ്പൊരു ഓഗസ്റ്റ് ഏഴിനാണ് ടോക്യോയിൽ ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം കുറിച്ചത്. അന്ന് 84.62 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ താരത്തിന്റെ പേരാണ് അർഷാദ് നദീം. കഴിഞ്ഞരാത്രി നീരജ് പാരീസിൽ സ്വർണനേട്ടം ആവർത്തിക്കുന്നതുകാണാൻ കാത്തിരുന്ന ഇന്ത്യക്കാരെ മുഴുവൻ നിരാശരാക്കി പൊന്നുംകൊണ്ടുപോയ അതേ അർഷാദ് നദീം. വർഷങ്ങളായി മത്സരവേദികളിൽ നീരജിന് മുന്നിലും പിന്നിലുമായി ഫിനിഷ് ചെയ്യുന്ന ഈ പാകിസ്ഥാൻകാരൻ പക്ഷേ സ്പോർട്സ്മാൻ സ്പിരിറ്റുകൊണ്ട് എപ്പോഴും നീരജിന് ഒപ്പമാണ്.കളിക്കളത്തിൽ പരസ്പരം പോരാടുമ്പോഴും അതിന് പുറത്ത് ആത്മാർത്ഥമായ സൗഹൃദം പങ്കിടുന്നവരാണ് നീരജും നദീമും. കഴിഞ്ഞവർഷം ബുഡാപെസ്റ്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണവും നദീംവെള്ളിയും നേടിയപ്പോൾ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നതിലാണ് സന്തോഷമെന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്.

ഈ ഒളിമ്പിക്സിൽ ഇന്ത്യ പ്രതീക്ഷിച്ച പൊന്നാണ് കഴിഞ്ഞ രാത്രി വെള്ളിയായി മാറിയത്. നദീമിന്റെ ഒരൊറ്റ ത്രോയിലാണ് പാരീസിൽ കാര്യങ്ങൾ മാറിമറിഞ്ഞത്. സ്റ്റേഡ് ഡി ഫ്രാൻസിൽ ഫൗളല്ലാതിരുന്ന ഒരേയൊരു ശ്രമത്തിൽ 89.45 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് രണ്ടാമനായത്. 92.97 മീറ്റർ എറിഞ്ഞ പാകിസ്ഥാന്റെ നദീം അർഷാദ് നീരജിനെ മറികടന്ന് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടി. നദീം രണ്ടാം ശ്രമത്തിൽ മുന്നിലെത്തിയതോടെ സമ്മർദ്ദത്തിലായ നീരജിന്റെ അഞ്ചു ത്രോകളാണ് ഫൗളായത്. കരിയറിൽ ഇതുവരെ 90 മീറ്റർ കടക്കാൻ നീരജിന് കഴിഞ്ഞിട്ടില്ല. ആ തിരിച്ചറിവാണ് നീരജിൽ സമ്മർദ്ദം സൃഷ്ടിച്ചത്.

ഫൈനലിൽ നീരജിന്റെ ആദ്യശ്രമം ഫൗളായിരുന്നു. നദീം അർഷാദിന്റെ ആദ്യ ശ്രമമവും ഫൗളായിരുന്നെങ്കിലും രണ്ടാം ശ്രമത്തിൽ ഒളിമ്പിക് റെക്കാഡ് ദൂരത്തിലേക്ക് ജാവലിൻ പായിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ 89.45 മീറ്റർ എറിഞ്ഞ് നീരജ് രണ്ടാമതേക്ക് ഉയർന്നു. നീരജിന്റെ മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും ആറാമത്തേയും ശ്രമങ്ങൾ കൂടി ഫൗളായി. അപൂർവ്വമായാണ് നീരജ് ഒരു മത്സരത്തിൽ ഇത്രയും ഫൗളുകൾ വരുത്തുന്നത്.

പിരിവിട്ടു വാങ്ങിയ

ജാവലിനിൽ പിറന്ന സ്വർണം

പാകിസ്ഥാനിലെ പഞ്ചാബ് സംസ്ഥാനത്തെ മിയാൻ ചന്നു പ്രദേശത്തെ ഒരു സാധാരണ പഞ്ചാബി ജാട്ട് കുടുംബത്തിലാണ് നദീമിന്റെ ജനനം. എട്ടുമക്കളിൽ മൂന്നാമൻ. ചെറുപ്പത്തിൽ തന്നെ കായികരംഗത്തോട് അഭിനിവേശം കാട്ടിയെങ്കിലും മികച്ച പരിശീലനം നൽകാനോ സ്പോർട്സ് സ്കൂളിൽ ചേർക്കാനോ ഒന്നും കർഷക കുടുംബത്തിന് പണമുണ്ടായിരുന്നില്ല. അത്‌ലറ്റിക്സും ഫുട്ബാളും ക്രിക്കറ്റും ബാഡ്മിന്റണും ഒക്കെ കളിച്ചിരുന്ന നദീം ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ പ്രദേശത്തെ റഷീദ് അഹമ്മദ് സാഖി എന്ന കായിക സംഘാടകന്റെ കണ്ണിൽ പെട്ടതാണ് വഴിത്തിരിവായത്. അത്‌ലറ്റിക്സിൽ ആദ്യം ഷോട്ട്പുട്ടും ഡിസ്കസ് ത്രോയും ഒക്കെ പരീക്ഷിച്ച ശേഷമാണ് ജാവലിനിലെത്തിയത്.

കഴിഞ്ഞ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനിൽ നിന്ന് ഒരേയൊരു താരമേ മത്സരിക്കാനുണ്ടായിരുന്നുള്ളൂ. സ്വർണം നേടിയ നീരജിന് പിന്നിൽ വെള്ളിയുമായാണ് നദീം ബുഡാപെസ്റ്റിൽ നിന്ന് മടങ്ങിയത്. എന്നാൽ ഇത്തവണ ഒളിമ്പിക്സിന് വേണ്ടി നല്ലൊരു ജാവലിൻ വാങ്ങാൻ പോലും നദീമിന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയ തനിക്ക് ഒളിമ്പിക്സിൽ മത്സരിക്കാൻ ഒരു പുതിയ ജാവലിൻ വേണമെന്ന് സർക്കാരിനോ‌ട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ നാട്ടുകാർ പിരിവെടുത്താണ് ജാവലിൻ വാങ്ങാൻ പണം നൽകിയത്. അതുകൊണ്ടുതന്നെയാണ് നദീമിന്റെ ഒളിമ്പിക്സ് സ്വർണനേട്ടം നാടിന്റെ ആഘോഷമായി മാറിയത്. ഏഴുപേരടങ്ങുന്ന സംഘമാണ് പാകിസ്ഥാനിൽ നിന്ന് പാരീസിലെത്തിയത്. അവരിൽ മെഡൽ നേട‌ിയത് അർഷാദ് മാത്രമാണ്. ഏതായാലും ഇന്നലെ പാക് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മിറിയം നവാസ് അർഷാദിന് 10 കോടി പാക് രൂപ സമ്മാനമായി നൽകിയിട്ടുണ്ട്. അർഷാദിന്റെ പേരിൽ ജന്മനാട്ടിൽ സ്പോർട്സ് സിറ്റി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നദകമും എനിക്ക് മകനെപ്പോലെയാണ്. അവൻ സ്വർണമെഡൽ നേടിയതിൽ എനിക്ക് സന്തോഷമേയുളളൂ. നീരജിന്റെ വെള്ളിമെഡലിൽ അഭിമാനിക്കുന്നു.

- സരോജ് ദേവി

നീരജിന്റെ അമ്മ

നീരജ് എന്റെ മകന്റെ സുഹൃത്താണ് സഹോദരനുമാണ്.അവനും മെഡൽ നേടണമെന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ നീരജിനും സ്വർണം നേടാനാവട്ടെ.

- റസിയ പർവീൺ,

അർഷാദിന്റെ അമ്മ

5

ഇതോടെ ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ മെഡലുകളുടെ എണ്ണം അഞ്ചായി ഉയർന്നു.

അത്‌ലറ്റിക്സിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.

നീരജിന്റെ നേട്ടങ്ങൾ

2020, ഒളിമ്പിക് സ്വർണം

2023, ലോക ചാമ്പ്യൻഷിപ്പ് സ്വർണം

2023, ഏഷ്യൻ ഗെയിംസ് സ്വർണം

2022, ലോക ചാമ്പ്യൻഷിപ്പ് വെള്ളി

2018, കോമൺവെൽത്ത് ഗെയിംസ് സ്വർണം

2018, ഏഷ്യൻ ഗെയിംസ് സ്വർണം

പാരീസിൽ ഇന്ത്യയുടെ ആദ്യ വെള്ളി

Advertisement
Advertisement