1000 തൊഴിലുറപ്പുകാർ തൊഴിൽ സ്കൂളിലേക്ക്

Saturday 10 August 2024 1:31 AM IST

കൊല്ലം: നൂറ് തൊഴിൽദിനം പൂർത്തിയാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്ന ഉന്നതി പദ്ധതി ജില്ലയിൽ കാര്യക്ഷമമാക്കാൻ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 500 പേർക്ക് മാത്രമാണ് പദ്ധതിയിലൂടെ പരിശീലനം നൽകിയത്. എന്നാൽ ഈ സാമ്പത്തിക വർഷം 1000 പേർക്ക് പരിശീലനം നൽകും.

പരിശീലന കേന്ദ്രത്തിലെ സ്ഥലപരിമിതിയാണ് പദ്ധതി ജില്ലയിൽ കാര്യക്ഷമമാകാഞ്ഞതിന്റെ കാരണം. ഇത്തവണ ബ്ലോക്ക് കേന്ദ്രങ്ങളിൽ കൂടി പരിശീലനം നൽകാനാണ് തീരുമാനം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കുടുംബശ്രീയുടെ പിന്തുണയോടെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ പിന്തുണയും നൽകും.

തൊഴിലാളികളെ ബോധവത്കരിച്ച് പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിവസം തൊഴിൽ ചെയ്ത അംഗങ്ങൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ആണ് പരിശീലനം നൽകുന്നത്. തൊഴിലുറപ്പിലൂടെ ലഭിക്കുന്ന നൂറ് ദിവസത്തെ ജോലിക്ക് പുറമേ മറ്റ് ജോലികൾ ചെയ്ത് വരുമാനം കണ്ടെത്താൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

'ഉന്നതി' സ്വയം തൊഴിൽ പരിശീലനം

 18 മുതൽ 45 വയസ് വരെയുള്ളവർക്ക്  10, 30 ദിവസം വീതമുള്ള പരിശീലനം  2018-19 മുതൽ 100 ദിവസം തൊഴിൽ ചെയ്തവർക്ക് യോഗ്യത  ജില്ലയിൽ യോഗ്യരായവർ അരലക്ഷം

 പരിശീലന ദിവസങ്ങളിൽ 346 രൂപ വീതം വേതനം  പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും

 സംരംഭത്തിനുള്ള വർക്ക് ഷെഡ് തൊഴിലുറപ്പ് പദ്ധതിയിലൂടെ

പദ്ധതി തുടങ്ങിയത്

2019-20 സാമ്പത്തിക വർഷം

പരിശീലനം

 ബ്യുട്ടീഷ്യൻ  ആഭരണ നിർമ്മാണം  പേപ്പർ ബാഗ്  കാറ്ററിംഗ്  തയ്യൽ  അച്ചാർ നിർമ്മാണം  ബാംബു ക്രാഫ്ട്  പപ്പട നിർമ്മാണം

നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ വിളിച്ചുചേർക്കും. അഭിരുചി പരിശോധിച്ച് പരിശീലനത്തിന് തിരഞ്ഞെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കൊട്ടാരക്കര കില കാമ്പസിൽ പദ്ധതിയുടെ സ്വന്തം പരിശീലന കേന്ദ്രം സജ്ജമാകും.

തൊഴിലുറപ്പ് പദ്ധതി ജില്ലാ അധികൃതർ