നിർണായകമായി ആ അഞ്ചു വില്ലേജുകൾ,​ തീരുമാനം നീളുന്നു,​ പിന്നിലെ കാരണമിതാണ്

Saturday 10 August 2024 2:27 AM IST

കൊല്ലം: കടമ്പാട്ടുകോണം- ചെങ്കോട്ട നാലുവരി ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ 317.35 കോടിയുടെ ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും സ്ഥലമേറ്റെടുപ്പ് നടപടികളിൽ മെല്ലെപ്പോക്ക്.

കാലാവധി കഴിഞ്ഞ അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിക്കണമോയെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. അലൈൻമെന്റിനെതിരെ ചില ഭൂവുടമകൾ കോടതിയെ സമീപിച്ചതും നിർമ്മാണത്തിനുള്ള ജി.എസ്.ടിയും റോയൽറ്റിയും ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുണ്ടായ തർക്കവുമാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ സ്തംഭിപ്പിച്ചത്.

ഇതിനിടയിൽ 2022 സെപ്തംബറിൽ പ്രസിദ്ധീകരിച്ച അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനം ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാഞ്ഞതിനാൽ റദ്ദായി. കോടതി വ്യവഹാരം ചൂണ്ടിക്കാട്ടി കാലാവധി നീട്ടാമെങ്കിലും അതിനുള്ള നടപടി ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗവും എൻ.എച്ച്.എ.ഐയും സ്വീകരിക്കുന്നില്ല.

ജില്ലയിലെ 11 വില്ലേജുകളിലൂടെയാണ് ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. ഇതിൽ വനമേഖലകളായ തെന്മല, ആര്യങ്കാവ് വില്ലേജുകളിലെ അലൈൻമെന്റ് അന്തിമമായിട്ടില്ല. ബാക്കി ഒൻപത് വില്ലേജുകളിൽ ത്രി ഡി വിജ്ഞാപനം പുറപ്പെടുവിച്ച നാലിടത്ത് വിലനിർണയം പുരോഗമിക്കുകയാണ്. 2022 സെപ്തംബറിൽ പുറപ്പെടുവിച്ച അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനത്തിനെതിരായ കേസുകളിൽ തീർപ്പായിട്ടുണ്ട്. കോടതി വ്യവഹാരം പരിഗണിച്ച് ഈ വില്ലേജുകളിൽ ത്രി എ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി ത്രി ഡി വി‌ജ്ഞാപനത്തിലേക്ക് കടക്കാം. ത്രി എ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിക്കേണ്ടി വന്നാൽ ചട്ടപ്രകാരമുള്ള നടപടികൾക്കായി ഏറെ സമയം നഷ്ടമാകും.


ത്രി എ വിജ്ഞാപനത്തിൽ അനിശ്ചിതത്വം

 ത്രി ഡി വി‌ജ്ഞാപനം വന്നിടത്ത് വിലനിർണയം പൂർത്തിയാക്കണം

 ഭൂഉടമകളുടെ രേഖകൾ പരിശോധിക്കണം
 കേന്ദ്ര സർക്കാർ പണം അനുവദിച്ചാലുടൻ നഷ്ടപരിഹാര വിതരണം

 അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനത്തിൽ തീരുമാനം വരണം

 വിട്ടുപോയ ഭൂമികൾ ഉൾപ്പെടുത്തി ത്രി എ വിജ്ഞാപനം

 പരാതികൾ പരിഹരിച്ച് ഈ ഭൂമികളുടെ ത്രി ഡി വിജ്ഞാപനം

ഏറ്റെടുക്കുന്ന ഭൂമി: 265 ഹെക്ടർ

നീളം: 59.36 കിലോ മീറ്റർ

കടമ്പാട്ടുകോണം-ആര്യങ്കാവ് റോഡ് വീതി: 45 മീറ്റർ (4 വരി)

അടങ്കൽ തുക ₹ 4047 കോടി

ത്രി ഡി വിജ്ഞാപനം

 നിലമേൽ  ഇട്ടിവ  അലയമൺ  അഞ്ചൽ

ത്രി എ വിജ്ഞാപനം

 ഏരൂർ  കോട്ടുക്കൽ  ചടയമംഗലം  ഐരനല്ലൂർ  ഇടമൺ

അഞ്ച് വില്ലേജുകളിലെ ത്രി എ വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം പരിഹരിച്ചാലുടൻ സ്ഥലമേറ്റെടുപ്പ് വേഗത്തിലാകും.

ദേശീയപാത സ്ഥലമേറ്റെടുപ്പ് വിഭാഗം അധികൃതർ

Advertisement
Advertisement