ബില്ലടിക്കാൻ മീറ്റർ തുറന്നപ്പോൾ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ; വാട്ടർ അതോറിറ്റി ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Saturday 10 August 2024 1:27 PM IST

കൊച്ചി: മീറ്റർ റീഡിംഗിന് നോക്കുന്നതിനിടെ ബോക്‌സിനുള്ളിൽ മൂർഖൻ പാമ്പ്. തലനാരിഴയ്‌ക്കാണ് വാട്ടർ അതോറിറ്റി ജീവനക്കാരിയായ ഷിനി രക്ഷപ്പെട്ടത്. എറണാകുളം കാക്കനാടാണ് സംഭവം.

'മീറ്റർ ബോക്‌സിനുള്ളിൽ പാമ്പുകൾ ഉൾപ്പെടെ പല തരം ഇഴജന്തുക്കളെ കണ്ടിട്ടുണ്ട്. മീറ്റർ ബോക്‌സ് തുറക്കുമ്പോൾ പലപ്പോഴും അവ ഇഴഞ്ഞ് പുറത്തേക്ക് പോകും. ഞാൻ എന്റെ ജോലി തുടരും. എന്നാൽ, മൂർഖൻ പാമ്പിനെ കാണുന്നത് ആദ്യമായിട്ടാണ് ', തൃക്കാക്കര വാട്ടർ അതോറിറ്റി ജീവനക്കാരി ഷിനി പറഞ്ഞു.

കാക്കനാട് അത്താണി പള്ളത്തുപടിയിലെ ഡോക്‌ടറുടെ വീട്ടിൽ വാട്ടർ ബില്ലടിക്കാൻ പോയപ്പോഴാണ് മൂർഖൻ പാമ്പ് പത്തി വിടർത്തി നിന്നത്. സാധാരണഗതിയിൽ ഏതെങ്കിലും ഇഴജന്തുക്കളുണ്ടാവാമെന്ന കരുതലോടെയാണ് ബോക്‌സ് തുറക്കാറുള്ളതെങ്കിലും മൂർഖൻ കാണുമെന്ന് കരുതിയില്ല. കാടുപിടിച്ച പറമ്പൊന്നും അല്ല. ഇന്റർലോക്ക് ചെയ്‌ത മുറ്റത്താണ് സംഭവം. പാമ്പിനെ കണ്ടയുടൻ വീട്ടിൽ ഉണ്ടായിരുന്ന ജോലിക്കാരിയെ വിവരമറിയിച്ചു. ഇവർ പറഞ്ഞതനുസരിച്ച് അയൽക്കാർ എത്തി പാമ്പിനെ പിടികൂടി. ശേഷമാണ് ഷിനി ബില്ലടിച്ചിട്ട് മടങ്ങിയത്.