കേരളത്തിൽ വിൽപന കുതിച്ചതോടെ ഒരു വിഭാഗം തമിഴ്നാട്-ആന്ധ്രാ സ്വദേശികളെ പറ്റിക്കുന്നു,​ മുന്നറിയിപ്പ്

Saturday 10 August 2024 3:47 PM IST

കൊച്ചി: വിപണിയിലിറങ്ങി ഒരാഴ്ച കൊണ്ട് ഓണം ബമ്പർ ലോട്ടറിയുടെ വില്പന വൻ കുതിപ്പിലാണ്. എന്നാൽ ഇതിനൊപ്പം ലോട്ടറി തട്ടിപ്പ് സംഘങ്ങളും കളംപിടിച്ചുകഴിഞ്ഞു. ഓൺലൈനായുള്ള അനധികൃത വില്പന സജീവമാകുകയാണ്. കൊറിയറിലും സ്‌പീഡ് പോസ്റ്റിലും ഇന്ത്യയിൽ എവിടെയും അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയുള്ള അനധികൃത കച്ചവടം.

25 കോടി രൂപ ഒന്നാം സമ്മാനമുള്ളതിനാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെയാണ്. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി തുടങ്ങിയ അതിർത്തി ജില്ലകളിലെത്തി ടിക്കറ്റെടുക്കുന്ന തമിഴ്‌നാട്ടുകാരുമുണ്ട്.

കേരള ലോട്ടറി കേരളത്തിലേ വിൽക്കാവൂ എന്നിരിക്കേ വഞ്ചിക്കപ്പെടുന്നവരാണേറെ. പണം ഗൂഗിൾപേയിലൂടെ നൽകണം. ചില കച്ചവടക്കാർ ടിക്കറ്റിന്റെ ചിത്രമേ വാട്സ്ആപ്പിൽ നൽകൂ. ഒരേ ടിക്കറ്റ് ഒന്നിലധികം പേർക്കയച്ച് തട്ടിപ്പ് നടത്തുന്നവരുമുണ്ട്. ഏജൻസി സീലുള്ള പേപ്പർ ലോട്ടറിക്കേ അംഗീകാരമുള്ളൂ എന്നറിയാത്തവരാണ് തട്ടിപ്പിൽ വീഴുന്നത്. തമിഴ്നാട്-ആന്ധ്ര സംസ്ഥാനക്കാർ കബളിപ്പിക്കപ്പെടുന്നതോടെ ലോട്ടറി വകുപ്പ് അവിടത്തെ പത്രങ്ങളിൽ ഇത് നിയമവിരുദ്ധമാണെന്ന് പരസ്യം നൽകിയിരുന്നു.

 ലോട്ടറി വാങ്ങേണ്ടത് നേരിട്ട് പണം നൽകി

2011ലെ കേരള ലോട്ടറി റെഗുലേഷൻ അമെൻഡ്‌മെന്റ് റൂൾ, കേന്ദ്ര പേപ്പർലോട്ടറി റെഗുലേഷൻ ആക്ട് എന്നിവ പ്രകാരംഓൺലൈൻ ഇടപാടുകൾ നിയമവിരുദ്ധമാണ്. പണം നേരിട്ട് നൽകിയേ ലോട്ടറി വാങ്ങാവൂ. അംഗീകൃത ഏജൻസികൾ അനധികൃത കച്ചവടം നടത്തിയാൽ ഏജൻസി റദ്ദാക്കുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് അധികാരമില്ലാത്തതിനാൽ പൊലീസിലാണ് പരാതി നൽകുന്നത്.

'ഓൺലൈൻ വില്പനയ്ക്കെതിരെ ലഭിച്ചപരാതികളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. കേരളത്തിലേ ലോട്ടറി വിൽക്കാൻ അനുമതിയുള്ളൂ".

-ലോട്ടറി വകുപ്പ് അധികൃതർ

Advertisement
Advertisement