കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ വിമുക്തഭടന് ബസ് കയറിയിറങ്ങി ദാരുണാന്ത്യം

Saturday 10 August 2024 5:46 PM IST

പാലക്കാട്: ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പരുതൂർ മംഗലം പുറത്താട്ടിൽ സജീഷ് (42) ആണ് മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ തെന്നിവീഴുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ ബസ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

ഇന്നുച്ചയ്ക്കാണ് അപകടമുണ്ടായത്. ഷൊർണൂരിൽ നിന്ന് പരുതൂരിലേയ്ക്ക് പോവുകയായിരുന്നു സജീഷ്. ഷൊർണൂരിൽ നിന്ന് പട്ടാമ്പിയിലേയ്ക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അപകടത്തെത്തുടർന്ന് മേലെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി-മേലെ പട്ടാമ്പി ഭാഗത്തെ റോഡ് പൂർണമായി തകർന്ന നിലയിലാണ്. ഇവിടെയാണ് അപകടമുണ്ടായി വിമുക്തഭടൻ മരണപ്പെട്ടത്.