തിരുവനന്തപുരം വിമാനത്താവളത്തിന് ദേശീയ പുരസ്‌കാരം, ലഭിച്ചത് ഈ മേഖലയിലെ മികവിന്

Saturday 10 August 2024 6:45 PM IST
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ഫയല്‍ ഫോട്ടോ)

തിരുവനന്തപുരം: തലസ്ഥാനത്തെ രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ദേശീയ പുരസ്‌കാരം ലഭിച്ചു. ഗ്രീന്‍ടെക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പൊല്യൂഷന്‍ കണ്‍ട്രോള്‍ ആന്റ് വേസ്റ്റ് റീസൈക്കിളിംഗ് എക്‌സലന്‍സ് പുരസ്‌കാരമാണ് വിമാനത്താവളത്തിന് ലഭിച്ചത്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ വിമാനത്താവള അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മാലിന്യ നിയന്ത്രണം, സംസ്‌കരണം എന്നീ രംഗത്തെ മികവിനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്.

വിമാനത്താവളത്തില്‍ സുസ്ഥിര മാലിന്യ സംസ്‌കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്ക്കല്‍, പുനരുപയോഗം, പുനസംസ്‌ക്കരിക്കല്‍, വീണ്ടെടുക്കല്‍ എന്നിവയിലൂടെ ലാന്‍ഡ്ഫില്‍ ഡൈവേര്‍ഷന്‍ നിരക്ക് 99.50% എത്തിയിട്ടുണ്ട്. 100% പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും എയര്‍പോര്‍ട്ടില്‍ സംസ്‌കരിക്കുന്നുണ്ട്. ഐ.എസ്.ഒ 14001:2015 അംഗീകാരമുള്ള മാലിന്യ സംസ്‌കരണ സംവിധാനം എയര്‍പോര്‍ട്ടിലുണ്ട്. വേര്‍തിരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും റീസൈക്ലിങ് യാര്‍ഡിലേക്കു മാറ്റാനും പ്രത്യേക സംവിധാനങ്ങളുണ്ട്.

അടുത്തിടെ വിമാനത്താവളത്തിലെ ഓടകള്‍ വൃത്തിയാക്കാന്‍ യന്ത്രമനുഷ്യനെ വാങ്ങാന്‍ വിമാനത്താവളം അധികൃതര്‍ തീരുമാനിച്ചിരുന്നു. ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ തൊഴിലാളി ജോയ് വീണ് മരിച്ച സംഭവത്തില്‍ ജോയിയെ തിരയാന്‍ ഉപയോഗിച്ച ജന്‍ റോബോട്ടിക്‌സ് കമ്പനിയില്‍ നിന്നാണ് യന്ത്രമനുഷ്യനെ വാങ്ങാന്‍ തീരുമാനിച്ചത്.