ബാങ്കുകൾക്ക് സ്വയം പലിശ നിശ്ചയിക്കാം : റിസർവ് ബാങ്ക്

Sunday 11 August 2024 4:34 AM IST

കൊച്ചി:പലിശ നിയന്ത്രണം എടുത്തു കളഞ്ഞതിനാൽ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്ക് നിശ്ചയിക്കാൻ വാണിജ്യ ബാങ്കുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് വ്യക്തമാക്കി.

റിസർവ് ബാങ്ക് ബോർഡ് ഒഫ് ഡയറക്‌ടർമാരുടെ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ ബാങ്കിനും നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ സ്വമേധയാ നിശ്ചയിക്കാം. വായ്പ - നിക്ഷേപ അനുപാതത്തിലെ പൊരുത്തക്കേടിലെ ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ബിസിനസായ നിക്ഷേപ സമാഹരണത്തിലും വായ്‌പാ വിതരണത്തിലുമാണ് ബാങ്കുകൾ ശ്രദ്ധിക്കേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു. നിക്ഷേപ സമാഹരണത്തിലെ തളർച്ച ആശങ്കാജനകമാണ്. ഗാർഹിക ചെറുകിട നിക്ഷേപകർക്ക് പോലും ഓഹരി വിപണി പോലുള്ള മേഖലകളിൽ മികച്ച വരുമാനം ലഭിക്കുന്നു. നൂതനവും ആകർഷകവുമായ ധനകാര്യ ഉത്പന്നങ്ങൾക്ക് രൂപം നൽകി ബാങ്കുകൾ വ്യക്തിഗത നിക്ഷേപങ്ങൾ ആകർഷിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

വായ്പകളുടെ പലിശ കൂട്ടി ബാങ്കുകൾ

ധന അവലോകന നയത്തിൽ തുടർച്ചയായ ഒൻപതാം തവണയും റിസർവ് ബാങ്ക് മുഖ്യ നിരക്ക് മാറ്റിയില്ലെങ്കിലും വായ്പാപലിശ ബാങ്കുകൾ സ്വമേധയ വർദ്ധിപ്പിച്ചു. ബാങ്ക് ഒഫ് ബറോഡ, യൂകോ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയ പൊതു മേഖലാ ബാങ്കുകൾ വായ്പകളുടെ പലിശ 0.05 ശതമാനം വർദ്ധിപ്പിച്ചു. ഏറ്റവും കുറഞ്ഞ പലിശയായ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബന്ധിത നിരക്കിലാണ് വർദ്ധന.

Advertisement
Advertisement