സഹകരണ സംഘം മത്സരത്തിന് സ്ഥിരം വിലക്കില്ലെന്ന് സർക്കാർ 

Sunday 11 August 2024 1:19 AM IST

കൊച്ചി: മൂന്നു തവണ തുടർച്ചയായി അംഗമായവർക്ക് സഹകരണ സംഘം ഭരണ സമിതിയിലേക്കു മത്സരിക്കാനുള്ള വിലക്ക് സ്ഥിരമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തുടർച്ചയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത ഒരു തവണ മത്സരിക്കാനാവില്ലെന്നാണ് ഭേദഗതിയെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. സഹകരണ നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചുള്ള ഒരുകൂട്ടം ഹർജികളിലാണ് മറുപടി.

മത്സരത്തിനുള്ള നിയന്ത്രണം ആദ്യമായിട്ടല്ലെന്ന് എ.ജി ചൂണ്ടിക്കാട്ടി. വാർഡ് തലത്തിലുള്ള മത്സരം നേരത്തെ നിരോധിച്ചിരുന്നു. ക്ഷീരസംഘം യൂണിയനിൽ പ്രസിഡന്റിനും അംഗത്തിനും തുടർച്ചയായി രണ്ട് തവണയിലധികം തുടരുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. അനഭിലഷണീയമായ ചില പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭേദഗതിയെന്നും എ.ജി വിശദീകരിച്ചു.
നിയമഭേദഗതി സംഘങ്ങളുടെ സ്വയംഭരണത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുമെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കുന്നത് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും വാദിച്ചു. ജസ്റ്റിസ് എൻ. നഗരേഷ് ഹർജികൾ തുടർവാദത്തിനായി 13ലേക്ക് മാറ്റി.