അവന്തികയെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി

Sunday 11 August 2024 2:07 AM IST

മേപ്പാടി: ഉരുൾപൊട്ടലിൽ മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന അവന്തികയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ക്യാമ്പുകളിൽ കഴിയുന്നവരെ കാണുകയും ചെയ്‌തശേഷമാണ് അവന്തികയെ കാണാനായി അദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിയത്.

എല്ലാവരെയും നഷ്ടപ്പെട്ട അവന്തികയുടെ കഥ അറിഞ്ഞാണ് അവളെ കാണണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി അവന്തികയെ തലോടി. കുടെയുണ്ടായിരുന്നവരോട് കുട്ടിയുടെ വിശേഷം ചോദിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. വെള്ളാർമല സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അവന്തിക. അച്ഛൻ പ്രശോഭ്,അമ്മ വിജയലക്ഷ്മി,സഹോദരി അച്ചു എന്നിവരെ ഉരുൾ കൊണ്ടുപോയ വിവരം ഇതുവരെ അറിച്ചിട്ടില്ല. ഇവർ താമസിച്ച എസ്റ്റേറ്റ് പാടി ഉരുൾവെള്ളത്തിൽ ഒലിച്ചുപോയിരുന്നു. അവന്തികയെ ആശുപത്രിയിൽ പരിചരിക്കുന്നത് പ്രായമായ അമ്മൂമ്മയാണ്.