'ഇത്തരം കാഴ്‌ചകൾക്ക് സാക്ഷി ആവേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല'; മുണ്ടക്കെെയിൽ പൊട്ടിക്കരഞ്ഞ് മന്ത്രി

Sunday 11 August 2024 12:24 PM IST

മേപ്പാടി: വയനാട് മുണ്ടക്കെെയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ജനകീയ തെരച്ചിലിൽ പങ്കാളിയായി മന്ത്രി എ കെ ശശീന്ദ്രനും. ഉരുൾപൊട്ടലിൽ കാണാതായ പിതാവിനെ തെരയുന്ന മകനെ കണ്ട മന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.

'വല്ലാത്ത ഒരു അനുഭവമാണ്. ഇത്തരം കാഴ്ചകൾക്ക് സാക്ഷി ആവേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചില്ല. ഇവരോട് ഞാൻ എന്ത് ഉത്തരം പറയും. അവരെ രക്ഷിക്കാൻ ശ്രമിക്കുക. നിലവിൽ കണ്ടെത്തിയവരെ രക്ഷിക്കണം. അവരെ സഹായിക്കണം. പഴയത് പോലെ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരണം. സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം അവർക്ക് ഉണ്ടാക്കി നൽകണം. അതിന് സർക്കാർ വേണ്ട കാര്യങ്ങൾ ചെയ്യും. നമ്മുടെ എല്ലാ വാക്കും പ്രവൃത്തിയും അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണം'- എ കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, മുണ്ടക്കെെ ദുരന്തത്തിൽ ഇന്ന് നടത്തിയ തെരച്ചിലിലും ശരീരഭാഗങ്ങൾ കിട്ടി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലാണ് മൂന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാലുകളാണ് കണ്ടെത്തിയത്.

മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തെരച്ചിൽ. ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരെ തെരച്ചിലിന് ഉൾപ്പെടുത്തിയിട്ടുണ്ട്. 126 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവരും തെരച്ചിലിനുണ്ട്. നാളെ പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തും.