തമിഴ്നാ‌ട്ടിൽ നിന്ന് കേരളത്തിലേക്ക് വണ്ടികയറി, ഉന്തുവണ്ടിയിൽ കപ്പലണ്ടി കച്ചവടം; ആളെ തിരിച്ചറിഞ്ഞതോടെ അനുമോദനം

Sunday 11 August 2024 12:54 PM IST

കൊല്ലം: ജീവിത പ്രാരാബ്ധം പിടിമുറുക്കിയപ്പോഴും തമിഴ്നാട് തേനി സീപാലകോട്ടൈ സ്വദേശി എസ്.സുരുളിമുത്തു (27) പഠനം നിറുത്തിയില്ല. കേരളത്തിൽ അച്ഛനും മൂത്ത സഹോദരനുമൊപ്പം ഉന്തുവണ്ടിയിൽ കപ്പലണ്ടി, ചുണ്ടൽ (പുഴുങ്ങിയ കടല)​ കച്ചവടത്തിന് ഒപ്പംകൂടി. അതിനിടയിൽ പഠിച്ച് 2018ൽ സെക്കൻഡ് ക്ളാസോടെ ബി.കോം ബിരുദം നേടി. 2020ൽ ഫസ്റ്റ് ക്ളാസോടെ എം.കോം വിജയിച്ചു. അപ്പോഴും കപ്പലണ്ടി കച്ചവടം നിറുത്തിയില്ല.

ഇപ്പോൾ സുരുളിമുത്തുവിനൊരു ലക്ഷ്യമുണ്ട്. സർക്കാർ ജോലി. അതിനായി തമിഴ്നാട് പി.എസ്.സി പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നതിനിടെ യൂട്യൂബിൽ നോക്കിയാണ് പഠനം. കൊല്ലം ആശ്രാമം മൈതാനത്താണ് ഇപ്പോൾ കച്ചവടം.

അച്ഛൻ സദൈയാണ്ടി വർഷങ്ങളായി കേരളത്തിൽ പലയിടങ്ങളി​ലായി​ കപ്പലണ്ടി കച്ചവടം നടത്തുന്നുണ്ട്. ഇടയ്ക്ക് അച്ഛന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് സുരുളിയും മൂത്തസഹോദരൻ ആണ്ടവരും സഹായി​ക്കാൻ എത്തി​യത്. ബോഡി നായ്ക്കന്നൂരിലെ സി.പി.എ കോളേജിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷന് പഠിക്കുമ്പോഴായിരുന്നു അത്.

ആഴ്ചയിൽ മൂന്നുദിവസം കോളേജിൽ നിന്ന് അവധിയെടുത്താണ് ഇവിടെയെത്തിയത്. അദ്ധ്യാപകരും സുഹൃത്തുക്കളും പിന്തുണ നൽകി. എം.കോമിന് തേനി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസി​ൽ പഠിക്കുമ്പോഴും കച്ചവടം ഒഴിവാക്കിയില്ല. ഇവിടെയെത്തുമ്പോൾ നഷ്ടപ്പെടുന്ന ക്ലാസുകളുടെ നോട്ടുകൾ സുഹൃത്ത് പാണ്ടി അയച്ചു നൽകി. അമ്മ സുപ്പുതായി​ക്ക് തേനിയിൽ കൂലിവേലയാണ്.

കേരളത്തി​ന്റെ അനുമോദനം

ആശ്രാമത്ത് നടക്കുന്ന 360 ഡിഗ്രി സൂപ്പർ റിയാലിറ്റി എക്സിബിഷന്റെ ഉദ്ഘാടന വേദിയിൽ, സുരുളിമുത്തുവിന്റെ കഥയറിഞ്ഞ് സംഘാടകർ അനുമോദിച്ചു. കഷ്ടപ്പാടിന് ലഭിച്ച അംഗീകാരം.

''കേരളവും ഇവിടത്തെ ജനങ്ങളെയും ഒരുപാട് ഇഷ്ടമാണ്. ആശ്രാമത്ത് ലഭി​ച്ച അനുമോദനം ശരിക്കും ഞെട്ടിച്ചു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

-സുരുളിമുത്തു