കനത്ത മഴ തടസമായി; മുണ്ടക്കൈയിലെ ജനകീയ തെരച്ചിൽ താത്‌കാലികമായി നിറുത്തി
മേപ്പാടി : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല. മുണ്ടക്കൈ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ഇവിടുത്തെ ജനകീയ തെരച്ചിൽ താത്കാലികമായി നിറുത്തിവച്ചു. മഴ ശക്തമാകുകയും രക്ഷാപ്രവർത്തകർക്ക് തെരച്ചിൽ ദുഷ്കരമാകുകയും ചെയ്‌തതോടെയാണ് തെരച്ചിൽ താത്‌കാലികമായി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. മഴ മാറിയാലുടൻ തെരച്ചിൽ പുനരാരംഭിക്കും. അടുത്ത രണ്ടുദിവസം ചാലിയാറിൽ വിശദമായ തെരച്ചിൽ നടത്തുമെന്ന് മന്ത്രി മുഹമ്മദി റിയാസ് അറിയിച്ചു.
ഇന്ന് നടന്ന ജനകീയ തെരച്ചിലിൽ കണ്ടെത്തിയ മൂന്ന് ശരീരഭാഗങ്ങൾ സന്ധ്യയോടെ പുറത്തെത്തിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് കാരണം എയർ ലിഫ്ടിംഗ് സാദ്ധ്യമാകാത്തതിനാൽ ചുമന്നാണ് ശരീരഭാഗങ്ങൾ മുകൾഭാഗത്തേക്ക് എത്തിച്ചത്. ഇരുട്ട് വീണാൽ മൃതദേഹങ്ങൾ പുഴയുടെ മുകളിലേക്കെത്തുന്നത് പ്രയാസമായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ മുകളിലേക്കെത്തിച്ചത്. സന്നദ്ധ പ്രവർത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലാണ് കാന്തൻപാറയിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.