അനാശാസ്യ കേന്ദ്രം വിപുലമാക്കാൻ ക്വട്ടേഷൻ: പ്രതികൾ റിമാൻഡിൽ

Sunday 11 August 2024 8:14 PM IST

കൊച്ചി: അനാശാസ കേന്ദ്രം വിപുലപ്പെടുത്താൻ മറ്റൊരു അനാശാസ്യകേന്ദ്രം നടത്തിപ്പുകാരന്റെ മൊബൈൽ മോഷ്ടിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. ഇടപ്പള്ളി ആസാദി ലെയിൻ ബ്ലായിപ്പറമ്പിൽ വീട്ടിൽ ഇജാസ് യഹിയ (23), ആസാദി ലെയിൻ പാലയ്ക്കാപ്പിള്ളി വീട്ടിൽ ഷാഹിദ് സജിത്ത് (23), അസം സോൻപൂർ സ്വദേശി അൻവർ ഹുസൈൻ (24) എന്നിവരാണ് റിമാൻഡിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കതൃക്കടവിൽ താമസിക്കുന്ന അസം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പിറന്നാൾ ദിനത്തിൽ വീട്ടിൽ അതിക്രമിച്ച കയറി കത്തികാട്ടി മൊബൈൽ ഫോണും 22,500രൂപയും കവർന്നെന്നായിരുന്നു പരാതി. പരാതിക്കാരന്റെ ശത്രുക്കളിൽ ഒരാളായിരുന്നു അൻവർ ഹുസൈൻ. എറണാകുളം നോ‌ർത്ത് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രം വിപുലപ്പെടുത്താനുള്ള ക്വട്ടേഷന്റെ ഭാഗമായിരുന്നു ആക്രമണമെന്ന് വ്യക്തമായത്.

തുടർന്ന് ക്വട്ടേഷൻ ഏറ്റെടുത്ത ഇജാസിനെയും ഷാഹിദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതി നൽകിയ അസം സ്വദേശിയും അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.