ശബരിമലയിൽ ഇന്ന് നിറപുത്തരി

Monday 12 August 2024 12:56 AM IST

ശബരിമല: നിറപുത്തരി ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടി ഇറങ്ങിവന്ന് ഹോമകുണ്ഡത്തിൽ അഗ്നി തെളിച്ചു.

ഭക്തരെത്തിച്ച നെൽക്കതിരുകൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ ചേർന്ന് സ്വീകരിച്ച് ആഘോഷപൂർവം കിഴക്കേ മണ്ഡപത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 3.50ന് ദേവനെ പള്ളിയുണർത്തും. 4ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും. തീർത്ഥം തളിച്ച് ശുദ്ധിയാക്കിയ നെൽക്കതിരുകളുമായി ക്ഷേത്രത്തിന് വലംവച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി 5.45നും 6.30നും മദ്ധ്യേ പൂജനടത്തും.ദേവചൈതന്യം നിറച്ച നെൽക്കതിരുകൾ സോപാനത്ത് കെട്ടിയശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. രാത്രി 10ന് നടയടയ്ക്കും.

Advertisement
Advertisement