റോൾസ് റോയ്‌സിന്റെ അത്യാഡംബര വൈദ്യുത കാർ സ്‌പെക്ടർ പ്രദർശിപ്പിച്ചു

Sunday 11 August 2024 10:52 PM IST

കൊച്ചി: അത്യാഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ ആദ്യ സമ്പൂർണ വൈദ്യുതകാറായ സ്‌പെക്ടർ കൊച്ചിയിൽ പ്രദർശിപ്പിച്ചു. ചെന്നൈയിലെ കുൻ എക്‌സ്‌ക്ലൂസീവാണ് ചാക്കോളാസ് പവിലിയനിൽ വാഹനം അവതരിപ്പിച്ചത്. ലോകത്തിലെ ആദ്യത്തെ അത്യാഢംബര ഇലക്ട്രിക് കാർ റോൾസ് റോയ്‌സ് സ്‌പെക്ടർ നിരത്തിലിറക്കി സഹസ്ഥാപകനായ ചാൾസ് സ്റ്റുവർട്ട് റോൾസിന്റെ സ്വപ്നങ്ങൾക്ക് ഒരുനൂറ്റാണ്ടിനിപ്പുറം നിറംപകരുകയാണ് റോൾസ് റോയ്‌സ്. ഇരുപതാം നൂറ്റണ്ടിന്റെ തുടക്കത്തിൽ ഇലക്ട്രിക് കാറുകൾ റോഡുകളിൽ ആധിപത്യം സ്ഥാപിക്കുന്ന ഒരു ലോകം വിഭാവനം ചെയ്ത വ്യക്തിയാണ് ചാൾസ് സ്റ്റുവർട്ട് റോൾസ്. രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്‌പെക്ടർ റോൾസിന്റെ സെഡാൻ മോഡലായ ഫാന്റത്തിന്റെ പിൻഗാമിയാണ്. 5.45 മീറ്റർ നീളവും രണ്ടു മീറ്ററിലധികം വീതിയുമുള്ള സ്‌പെക്ടറിൽ നീളമുള്ള ബോണറ്റ്, ഫാസ്റ്റ്ബാക്ക് ടെയിൽ എന്നിവ സമ്മേളിച്ച് ആധുനിക ആഢംബര നൗകകളുടെ പ്രതീതിയാണുള്ളത്. മേൽക്കൂരയിൽ മാത്രം നൽകിയിരുന്ന സ്റ്റാർലൈറ്റ് ലൈനർ സ്‌പെക്ടറുടെ ഡോർ പാഡുകളിലുമുണ്ട്. ഡാഷ്‌ബോർഡ് പാനലിൽ നക്ഷത്ര ഇല്യൂമിനേഷനിൽ 'സ്‌പെക്ടർ' എന്ന് കാണാം. ഇന്റീരിയറിന്റെ സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി ഉൾപ്പടെ എല്ലാം വിസ്മയക്കാഴ്ച ഒരുക്കുന്നുണ്ട്. റോൾസ് റോയ്‌സിന്റെ സ്വന്തം സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ 'സ്പിരിറ്റ്' ആണ് സ്‌പെക്ടറിലുള്ളത്. കണക്ടഡ് കാർ സാങ്കേതികവിദ്യയിലൂടെ കാറിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഡിജിറ്റൽ ഇന്റർഫേസ് നിയന്ത്രിക്കും. മുന്നിലും പിന്നിലുമായി രണ്ട് സിൻക്രണൈസ് ഇലക്ട്രിക് മോട്ടോറുകൾ വഴി സ്‌പെക്ടർ ഉത്പാദിപ്പിക്കുന്ന ഊർജ്ജം 584 കുതിരശക്തിയും 900 എൻ.എ ടോർക്കും നൽകി പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗതയിലേക്ക് എത്താനായി 4.5 സെക്കൻറുകൾ മാത്രമാണ് എടുക്കുക.

Advertisement
Advertisement